കോഴിക്കോട് സെൽഫി എടുക്കുന്നതിനിടെ ട്രെയിൻ തട്ടി പുഴയിൽ വീണ വിദ്യാർഥിനി മരിച്ചു
death

കോഴിക്കോട്: സെൽഫി എടുക്കുന്നതിനിടെ ട്രെയിൻ തട്ടി പുഴയിൽ വീണ് വിദ്യാർഥിനി മരിച്ചു. കരുവൻതിരുത്തി സ്വദേശിനി നഫാത്ത്(16) ആണ് മരിച്ചത്. ഫറോക്ക് റെയിൽവേ പാലത്തിൽ നിന്ന് സെൽഫി എടുക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.

വിദ്യാർഥിനിയുടെ കൂടെ ഉണ്ടായിരുന്ന സുഹൃത്ത് പെരിങ്ങാവ് പട്ടായത്തിൽ മുഹമ്മദ് ഇഷാമിനെ (16) പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം. റെയിൽവേ പാലത്തിൽ നിന്ന് സെൽഫി എടുക്കുന്നതിനിടെ കോയമ്പത്തൂർ-മംഗളൂരു പാസഞ്ചർ ട്രെയിനാണ് തട്ടിയത്.

ട്രെയിൻ തട്ടിയതിന് പിന്നാലെ പെൺകുട്ടി പുഴയിലേക്കും ഇഷാം പാളത്തിലേക്കും വീഴുകയായിരുന്നു. കാലിലും കൈക്കും പരിക്കേറ്റ മുഹമ്മദ് ഇഷാമിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Share this story