കൊട്ടിയൂർ വൈശാഖോത്സവം: ഇളനീരാട്ടം ഇന്ന്

ilaneerattam

കൊട്ടിയൂരപ്പന് ഇന്ന് ഇളനീരാട്ടം. ശിവഭഗവാന്റെ കോപം ശമിപ്പിക്കാൻ ഇളനീർക്കാവുകളുമായി തണ്ടയാൻമ്മാർ കൊട്ടിയൂരിലെത്തി ഇളനീർക്കാവുകൾ സമർപ്പിച്ചു. ഈ വർഷത്തെ ആദ്യ ആരാധനയായ തിരുവോണം ആരാധനയും നടന്നു. 

വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽനിന്ന് എരുവട്ടി തണ്ടയാൻ എള്ളെണ്ണയും ഇളനീരുമായി ബുധനാഴ്ച സന്ധ്യയോടെ കൊട്ടിയൂരിലെത്തി. രാത്രി കാര്യത്ത് കൈക്കോളൻ തിരുവൻ ചിറയിലെ കിഴക്കേനടയിൽ തട്ടും പോളയും വിരിച്ച് കുടിപതി കാരണവർ വെള്ളിക്കിടാരംവച്ച് രാശി വിളിച്ച് കഴിഞ്ഞാണ് ഇളനീർവയ്പ് ആരംഭിച്ചത്. 

kottiyoor ilaneer vepp

മന്ദംചേരിയിലെ ബാവലിക്കരയിൽ കാത്തിരിക്കുന്ന ഇളനീർ വ്രതക്കാർ അക്കരെ ക്ഷേത്രത്തിലെത്തി ഇളനീർക്കാവുകൾ സമർപ്പിച്ചു. എരുവട്ടി, കുറ്റ്യാടി, ആയിരത്തി, മുടിശ്ശേരി, മേക്കിലേരി, കുറ്റിയൻ, തെയ്യൻ എന്നീ ജന്മാവകാശികളായ തണ്ടയാന്മാരാണ് ഇളനീർവച്ചത്. കത്തിതണ്ടയാന്മാർ ഇളനീർ ചെത്തുന്നതിനുള്ള കത്തികളും സമർപ്പിച്ചു. ഇളനീർവയ്‌പ് പൂർത്തിയായതോടെ എരുവട്ടി തണ്ടയാൻ ഒരുകുടം എള്ളെണ്ണയും സമർപ്പിച്ചു.

ഇന്ന് രാവിലെ മുതൽ കാര്യത്ത് കൈക്കോളനും സംഘവും ചേർന്ന് ഇളനീർ വ്രതക്കാർ സമർപ്പിച്ച ഇളനീരുകളുടെ കാവുകൾ നീക്കം ചെയ്ത് മുഖം ചെത്തിമിനുക്കി മണിത്തറയിൽ കൂട്ടിത്തുടങ്ങും. ഉച്ചയ്ക്ക് അഷ്ടമി ആരാധനാ പൂജ നടത്തും. ഉച്ചശീവേലിക്ക് ശേഷം ഭണ്ഡാര അറയ്ക്ക് മുന്നിലാണ് അഷ്ടമി ആരാധന നടത്തുക. പന്തീരടി കാമ്പ്രം സ്ഥാനികനായിരിക്കും കാർമ്മികത്വം വഹിക്കുക. തെയ്യംപാടിയുടെ വീണാ വാദനത്തിനൊപ്പം നടത്തുന്ന പൂജയിൽ പ്രധാന സ്ഥാനികരും ഊരാളന്മാരും മാത്രമാണ് പങ്കെടുക്കുക.

ilaneervepp

തുടർന്ന് ദൈവം വരവെന്ന് അറിയപ്പെടുന്ന കൊട്ടേരിക്കാവിലെ മുത്തപ്പന്റെ എഴുന്നള്ളത്തിനായി കാത്തിരിക്കും. അതിവേഗത്തിൽ ഓടിയെത്തുന്ന ദൈവം സന്നിധാനത്ത് എത്തി അരിയും കളഭവും സ്വീകരിച്ച് മടങ്ങും. അനുമതി നൽകി ദൈവം മടങ്ങിയ ശേഷമാണ്  ഇളനീരാട്ടം ആരംഭിക്കുക. ആദ്യം മൂന്ന് ഇളനീരുകൾ, പിന്നീട് ഭക്തർ സമർപ്പിച്ച ഓരോ ഇളനീരും ഭഗവാന് സമർപ്പിക്കും. ജലം ശേഖരിച്ചതിന് ശേഷമുള്ള ഇളനീരുകൾ ഭക്തർക്ക് പ്രസാദമായി നൽകും.