ലോകമറിഞ്ഞ് കൊട്ടിയൂർ പെരുമ...! കേരളത്തിനകത്തും പുറത്തും നിന്നുമായി ഒഴുകിയെത്തുന്നത് ലക്ഷക്കണക്കിന് ഭക്തർ; ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കെ ഗോകുൽ

kottiyoor perumal

ദക്ഷിണകാശിയെന്നും ദക്ഷയാഗ ഭൂമിയെന്നും അറിയപ്പെടുന്ന കൊട്ടിയൂർ ക്ഷേത്രത്തിന്റെ പ്രത്യേകതകളും മാഹാത്മ്യവും കേട്ടറിഞ്ഞ് പതിനായിരങ്ങളാണ് കേരളത്തിന് പുറത്തുനിന്നും കൊട്ടിയൂരിലേക്ക് ഒഴുകിയെത്തുന്നതെന്ന് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കെ ഗോകുൽ. കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നും ദിനം പ്രതി നിരവധി ഭക്തരാണ് കൊട്ടിയൂർ പെരുമാളിനെ തൊഴാനെത്തുന്നത്. കേരളത്തിലെ തെക്കൻ ജില്ലകളിൽ നിന്നടക്കം ഭക്തർ കനത്ത മഴയെപ്പോലും അവഗണിച്ച് കൊട്ടിയൂരിലെത്തുന്നുണ്ട്. ഇതുവരെയായി ഇരുപത് ലക്ഷത്തിലധികം ഭക്തർ കൊട്ടിയൂരിലെത്തിയെന്നും അദ്ദേഹം പറഞ്ഞു.  പെരുമാൾ സന്നിധിയിൽ യുവത്വത്തിന്റെ ചുറുചുറുക്കോടെ ഓടിനടന്ന് കാര്യങ്ങൾ നിയന്ത്രിക്കുന്നതിനിടയിലായിരുന്നു അദ്ദേഹം കേരളാ ഓൺലൈൻ ന്യൂസിനോട് പ്രതികരിച്ചത്.

kottiyoor

അതേസമയം ഭക്തജനങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതെ പെരുമാളിനെ ദർശിക്കാനുള്ള എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ ഉണ്ടായ പാർക്കിങ് സംവിധാനത്തിലെ പാളിച്ചകൾ പരിഹരിച്ചു കൊണ്ട് ഇത്തവണ വിപുലമായ പാർക്കിങ് സൗകര്യങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. വിദഗ്ദ്ധരായ ഡോക്ടർമാരും പത്തോളം നേഴ്സുമാരും അടങ്ങുന്ന മെഡിക്കൽ യൂണിറ്റും പ്രവർത്തിക്കുന്നുണ്ട്. 

കുടിവെള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 400 ഓളം വളണ്ടിയേഴ്‌സ് ഭക്തർക്ക് സുഗമമായ ദർശനമൊരുക്കാൻ ഏത് സമയവും  കർമ്മനിരതരായി രംഗത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു. 17 നാണ് കൊട്ടിയൂർ വൈശാഖ മഹോത്സവം സമാപിക്കുക. അതിനിടയിൽ 40  ലക്ഷത്തോളം ഭക്തർ കൊട്ടിയൂരിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കേരളാ ഓൺലൈൻ ന്യൂസിനോട് പ്രതികരിച്ചു.

Tags