കോട്ടയത്ത് മദ്യപാനത്തിനെതിരേ ഉപദേശിച്ച പാസ്റ്ററെ കുത്തിക്കൊന്ന യുവാവിന് ജീവപര്യന്തം തടവ്

murder
murder

സംഭവ ദിവസം രാവിലെ വഴിയില്‍വച്ച് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും രാത്രി ഇത് ചോദിക്കാന്‍ ജോബിന്‍ വീട്ടില്‍ അതിക്രമിച്ചുകയറുകയുമായിരുന്നു

കോട്ടയം : മദ്യപാനത്തിനെതിരേ നിരന്തരം ഉപദേശിച്ച പാസ്റ്ററെ വീട്ടില്‍ അതിക്രമിച്ചുകയറി കുത്തിക്കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയും. പിഴ അടച്ചില്ലെങ്കില്‍ ഒരുവര്‍ഷം കൂടുതല്‍ കഠിന തടവ് അനുഭവിക്കണം. വീട്ടില്‍ അതിക്രമിച്ചുകയറിയതിന് മൂന്നുമാസം കഠിനതടവും ശിക്ഷയുണ്ട്. ഇതൊന്നിച്ച് അനുഭവിച്ചാല്‍മതി. കാഞ്ഞിരപ്പള്ളി കൂവപ്പള്ളി ടാങ്ക്പടി മുളയ്ക്കല്‍ വീട്ടില്‍ ജോബിന്‍ (27)നെയാണ് കോട്ടയം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (അഞ്ച്) ജഡ്ജി പി.മോഹനകൃഷ്ണന്‍ ശിക്ഷിച്ചത്.

 കാഞ്ഞിരപ്പള്ളി കൂവപ്പള്ളി കുടപ്പനക്കുഴി മണപ്പാട്ട് വീട്ടില്‍ അജേഷ് ജോസഫ് (41) ആണ് കൊല്ലപ്പെട്ടത്. 2021 ഫെബ്രുവരിയിലായിരുന്നു സംഭവം. കൊല്ലപ്പെട്ട അജേഷ് മുണ്ടത്താനം എബനേസര്‍ ചര്‍ച്ചിലെ പാസ്റ്ററും മേസ്തിരിപ്പണിക്കാരനുമായിരുന്നു. ഇദ്ദേഹത്തിന്റെ വീട്ടലായിരുന്നു കൊലപാതകം. പ്രതിയുടെ മദ്യപാനത്തിനും ദുര്‍നടപ്പിനുമെതിരേ വഴിയിലും മറ്റും കാണുമ്പോഴെല്ലാം പാസ്റ്റര്‍ ഉപദേശിച്ചിരുന്നു. ഇത് കളിയാക്കലായാണ് പ്രതി കരുതിയത്. സംഭവദിവസം രാവിലെ വഴിയില്‍വച്ച് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും രാത്രി ഇത് ചോദിക്കാന്‍ ജോബിന്‍ വീട്ടില്‍ അതിക്രമിച്ചുകയറുകയുമായിരുന്നു.സംഭവദിവസം രാവിലെ വഴിയില്‍വച്ച് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും രാത്രി ഇത് ചോദിക്കാന്‍ ജോബിന്‍ വീട്ടില്‍ അതിക്രമിച്ചുകയറുകയുമായിരുന്നു.
 
വാക്കേറ്റത്തിനിടെ നിലത്തുവീണ ജോബിനെ പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ച പാസ്റ്ററെ ഭാര്യയുടെ മുന്നില്‍വച്ച് ജോബിന്‍ കത്തിക്ക് കുത്തുകയായിരുന്നു. ചികിത്സയിലിരിക്കെ രണ്ടാംദിവസം മരിച്ചു. ഭാര്യയായിരുന്നു ഒന്നാം സാക്ഷി. കേസില്‍ 19 മറ്റ് സാക്ഷികളെ വിസ്തരിച്ചു. 26 പ്രമാണങ്ങളും രണ്ട് തൊണ്ടിമുതലും ഹാജരാക്കി. ഇന്ത്യന്‍ ശിക്ഷാനിയമം 302, 447 വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സജി എസ്.നായര്‍ കോടതിയില്‍ ഹാജരായി. കാഞ്ഞിരപ്പള്ളി പോലീസ് ഇന്‍സ്‌പെക്ടറായിരുന്ന എന്‍.ബിജുവാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്.

Tags

News Hub