കോട്ടയത്ത് മജിസ്ട്രേറ്റിനെ ആക്രമിക്കാൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ
കോട്ടയം: ഔദ്യോഗിക വാഹനത്തിലെത്തിയ മജിസ്ട്രേറ്റിനെ അസഭ്യം പറയുകയും ആക്രമിക്കാന് ശ്രമിക്കുകയും ചെയ്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. അയ്മനം പാണ്ഡവം ശ്രീനവമി വീട്ടിൽ ചക്കര എന്ന നിധിൻ പ്രകാശ് (27), ഭാര്യ സുരലത സുരേന്ദ്രൻ (23) എന്നിവരെയാണ് വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാത്രി ബേക്കർ ജങ്ഷന് സമീപത്തെ കെട്ടിടത്തിന്റെ പാർക്കിങ് ഏരിയയിലാണ് സംഭവം.
മജിസ്ട്രേറ്റ് ഔദ്യോഗിക വാഹനം പാർക്ക് ചെയ്ത് പുറത്തിറങ്ങിയ സമയം സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഹനത്തിൽനിന്ന് ഇറങ്ങിയ ഇവരും സുഹൃത്തായ മറ്റൊരാളും ചേർന്ന് മജിസ്ട്രേറ്റിനെ ചീത്ത വിളിക്കുകയും കാറിൽ കരുതിയിരുന്ന പെട്രോൾ നിറച്ച കുപ്പി മജിസ്ട്രേറ്റിനു നേരെ ഓങ്ങി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. കാറിൽ നിന്ന് ബിയർ കുപ്പിയെടുത്ത് നിലത്ത് പൊട്ടിച്ച് സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.
സ്ഥലത്ത് നിന്ന് രക്ഷപെടാൻ ശ്രമിച്ച ഇവരെ പൊലീസ് സാഹസികമായി പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. ഇതിനിടെ ഒരാൾക്ക് പരിക്കേറ്റു. നിധിൻ പ്രകാശിന് കോട്ടയം വെസ്റ്റ്, ഏറ്റുമാനൂർ, കോട്ടയം ഈസ്റ്റ് സ്റ്റേഷനുകളിലായി കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്.
എസ്.എച്ച്.ഒ കെ.ആർ. പ്രശാന്ത് കുമാർ, എസ്.ഐമാരായ വി. വിദ്യ, സോജൻ ജോസഫ്, സി.പി.ഒമാരായ എ.സി. ജോർജ്, എസ്. അരുൺ, ശ്രീശാന്ത്, കെ.എസ്. സുനിൽകുമാർ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.