കോട്ടയത്ത് കാർ ക്രാഷ് ബാരിയറിലിടിച്ച് അപകടം : മൂന്നുപേർക്ക് പരിക്ക്
caraccident

മണിമല : പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഭാഗമായ പൊൻകുന്നം-മണിമല റോഡിൽ വാഹനാപകടം. മണിമലക്കും മൂലേപ്ലാവിനുമിടയിൽ നിയന്ത്രണം വിട്ട കാർ ക്രാഷ് ബാരിയറിലിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു. റാന്നി ചെല്ലക്കാട്ട് വാഴക്കുന്നത്ത് സോണി (48), അയൽവാസി സജിനി (49), സജിനിയുടെ മകൾ അശ്വതി (29) എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച പുലർച്ച മൂന്നോടെയായിരുന്നു അപകടം.

നെടുമ്പാശ്ശേരി എയർപോർട്ടിൽ പോയി മടങ്ങുകയായിരുന്നു കാർ. സോണിയായിരുന്നു വാഹനം ഓടിച്ചിരുന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് കരുതുന്നു. പരിക്കേറ്റവരെ തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണിമല പൊലീസും അഗ്നിരക്ഷാസേനയും എത്തിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. അപകടത്തിൽ കാറിന്‍റെ മുൻഭാഗം പൂർണമായി തകർന്നു.

Share this story