കൊല്ലം ജില്ലാ ആശുപത്രിയിൽ രോഗിക്ക് മരുന്ന് മാറി നൽകി; ഫാർമസിസ്റ്റിന് സസ്‌പെൻഷൻ
suspended

കൊല്ലം: ജില്ലാ ആശുപത്രിയില്‍ രോഗിക്ക് മരുന്ന് മാറിനല്‍കിയ ഫാര്‍മസിസ്റ്റിനെ സസ്‌പെന്‍ഡ് ചെയ്തു. ഫാര്‍മസിസ്റ്റിനെതിരേ നടപടിയെടുക്കണമെന്നും ആശുപത്രിയിലെ വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി. കൊല്ലം മണ്ഡലം കമ്മിറ്റി ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ടിനെയും നഴ്‌സിങ് സൂപ്രണ്ടിനെയും ഉപരോധിച്ചു. ഇതേത്തുടര്‍ന്നാണ് നടപടി.

കഴിഞ്ഞ 11-നാണ് ആശുപത്രി വാര്‍ഡില്‍ അഡ്മിറ്റായിരുന്ന രോഗിക്ക് ഫാര്‍മസിസ്റ്റ് മരുന്ന് മാറിനല്‍കിയത്. രക്തസമ്മര്‍ദ്ദത്തിനുള്ള മരുന്നിനുപകരം വേദനസംഹാരിയാണ് നല്‍കിയത്. ഇത് കണ്ടെത്തിയ നഴ്‌സ് പരാതി നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്നാണ് ബി.ജെ.പി. പ്രവര്‍ത്തകര്‍ ഉപരോധം നടത്തിയത്.

രണ്ടുവര്‍ഷം പ്രവൃത്തിപരിചയമുള്ള ഫാര്‍മസിസ്റ്റിനെ നിയമിക്കേണ്ട സ്ഥാനത്ത് യോഗ്യതയില്ലാത്ത ആളുകളെ തിരുകിക്കയറ്റുകയാണെന്ന് ബി.ജെ.പി. പ്രവര്‍ത്തകര്‍ പറഞ്ഞു. ആശുപത്രിയിലെ സി.ടി.സ്‌കാന്‍ മെഷീന്‍ ആറുമാസമായി പ്രവര്‍ത്തിക്കുന്നില്ല.

സ്വകാര്യ സ്‌കാനിങ് സെന്ററുകളില്‍നിന്ന് ഡോക്ടര്‍മാര്‍ക്ക് കമ്മിഷന്‍ നല്‍കുന്നുണ്ടെന്നും അതിനാലാണ് ആശുപത്രിയിലെ സ്‌കാനിങ് മെഷീന്‍ നന്നാക്കാത്തതെന്നും കൊല്ലം മണ്ഡലം ജനറല്‍ സെക്രട്ടറി പ്രണവ് താമരക്കുളം ആരോപിച്ചു.

ആരോപണവിധേയയായ ഫാര്‍മസിസ്റ്റിനെതിരേ കഴിഞ്ഞ 16-ന് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നെന്നും അതിന്റെ അടിസ്ഥാനത്തിലാണ് ഒരുമാസത്തേക്ക് സസ്‌പെന്‍ഷന്‍ നടപടിയെടുത്തതെന്നും ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ആര്‍.സന്ധ്യ പറഞ്ഞു. കൊല്ലം മണ്ഡലം പ്രസിഡന്റ് മോന്‍സിദാസ്, വൈസ് പ്രസിഡന്റ് ആനന്ദകൃഷ്ണന്‍, യുവമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി ശ്രീകാന്ത് കച്ചേരി, വിഷ്ണു മാമൂട്ടില്‍ക്കടവ്, അയ്യപ്പന്‍ പിള്ള എന്നിവര്‍ ഉപരോധത്തിന് നേതൃത്വംനല്‍കി.

Share this story