കൊല്ലം കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിൽ മലവെള്ളപ്പാച്ചിൽ ; ഒരാൾ മരിച്ചു
death

കൊല്ലം: കൊല്ലത്തെ കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിലുണ്ടായ മലവെള്ളപ്പാച്ചിലിൽ ഒരാൾ മരിച്ചു. തമിഴ്നാട് മധുര സ്വദേശിയാണ് മരിച്ചത്. അഞ്ച് പേർ കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം. അപ്രതീക്ഷിതമായുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലാണ് കുംഭാവുരുട്ടിയിലുണ്ടായത്.

വിനോദ സഞ്ചാരികള്‍ കുളിച്ചുകൊണ്ടിരിക്കെ വനത്തിനുള്ളില്‍ ഉരുള്‍പൊട്ടി മലവെള്ളപ്പാച്ചിലുണ്ടാകുകയായിരുന്നു. പൊലീസും ഫയർഫോഴ്‌സും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. അവധി ദിനമായതിനാൽ ഇന്ന് ഏറെ സഞ്ചാരികളുണ്ടായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി മലവെള്ളപ്പാച്ചിലുണ്ടായത്.

അഞ്ചുവർഷത്തിന് ശേഷം 25 ലക്ഷം രൂപ മുടക്കി നവീകരിച്ച് ജൂലൈ രണ്ടാംവാരമാണ് കുംഭാവുരുട്ടി ഇക്കോ സെന്‍റർ സഞ്ചാരികൾക്കായി തുറന്നത്. ചെങ്കോട്ട-അച്ചൻകോവിൽ പാതയിൽ നിന്നും നാല് കിലോമീറ്റർ ഉൾവനത്തിലാണ് കുംഭാവുരുട്ടി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. അച്ചൻകോവിൽ ആറിൻ്റെ കൈവഴിയാറും, പുലിക്കവല, കാനയാർ എന്നീ പ്രദേശങ്ങളിലെ നദികളിലൂടെ ഒഴുകിയെത്തുന്ന അരുവികളും സംഗമിച്ചാണ് കുംഭാവുരുട്ടി ജലപാതത്തിൽ എത്തുന്നത്. 250 അടി ഉയരത്തിൽ നിന്നും ശക്തമായി എത്തുന്ന വെള്ളച്ചാട്ടമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. പാറക്കൂട്ടങ്ങളും ചുഴികളും നിറഞ്ഞ ഈ മേഖലയിൽ പക്ഷേ അപകടങ്ങളും പതിവാണ്.

Share this story