മണ്‍മറഞ്ഞത് അതികായകന്‍മാരായ മൂന്ന് നേതാക്കള്‍ ; തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ വിടവുനികത്താനാവാതെ മുന്നണികള്‍

kanam


കണ്ണൂര്‍:യു.ഡി.എഫിന് ഉമ്മന്‍ചാണ്ടിയും എല്‍.ഡി.എഫിന് കോടിയേരിയും കാനവും നഷ്ടമായൊരു തെരഞ്ഞെടുപ്പ് കാലം അതിജീവിക്കാന്‍ ഇപ്പോഴുളള നേതൃത്വത്തിനാവുമോയെന്ന ചോദ്യമുയരുന്നു.ഉമ്മന്‍ചാണ്ടിയുടെ അഭാവത്തില്‍ നിലവില്‍ യു.ഡി.എഫിനെ നയിക്കാന്‍ നിയുക്തരായത് വി.ഡി സതീശനും കെ.സുധാകരനുമാണ്. സുധാകരന്‍ കണ്ണൂരില്‍ സ്ഥാനാര്‍ഥിയായതോടെ എം.എം ഹസനാണ് കെ.പി.സി.സി പ്രസിഡന്റിന്റെ ചുമതല.

oommen

മുന്നണിയിലെ പ്രശ്നങ്ങളേക്കാള്‍ പാര്‍ട്ടിയിലെ വിയോജിപ്പും ഭിന്നതയും തന്നെയായിരുന്നു ദിവസങ്ങള്‍ക്കു മുമ്പുവരെ കോണ്‍ഗ്രസിനെ കലുഷിതമാക്കിയത്. ബദ്ധവൈരികളെപ്പോലെ സതീശനും സുധാകരനും മറയില്ലാത്ത പോരിലേര്‍പ്പെട്ടപ്പോള്‍ ദുര്‍ബലമായത് യു.ഡി.എഫിന്റെ ശക്തി തന്നെയായിരുന്നു. തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങിയതോടെ ഇരുവര്‍ക്കുമിടയിലെ മൂപ്പിളമതര്‍ക്കത്തിന് അല്‍പം ശമനമുണ്ടെന്നതുതന്നെ താല്‍ക്കാലികാശ്വാസം.

സി.പി.എം സംസ്ഥാന സെക്രട്ടറിയായ എം.വി ഗോവിന്ദന്‍ ചുമതലയേറ്റ ശേഷമുള്ള കന്നിയങ്കമാണ് വരാനിരിക്കുന്നത്. മുമ്പില്ലാത്തവിധം ഭരണവിരുദ്ധവികരം ശക്തമാണ് സംസ്ഥാനത്ത്. മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരേയുള്ള ആരോപണങ്ങള്‍, സാമ്പത്തിക പ്രതിസന്ധി, എസ്.എഫ്.ഐ നേതൃത്വത്തിന് എതിരേ ഉയരുന്ന ആരോപണങ്ങള്‍, വര്‍ധിക്കുന്ന വന്യജീവി ആക്രമണങ്ങള്‍ തുടങ്ങി നിരവധി പ്രതിസന്ധികളാണ് ഇത്തവണ എല്‍.ഡി.എഫ് അഭിമുഖീകരിക്കുന്നത്. 

ഘടകകക്ഷികളില്‍നിന്ന് വലിയ സമ്മര്‍ദമൊന്നുമില്ലെങ്കിലും എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ സ്ഥാനത്തും അസ്ഥാനത്തും നടത്തുന്ന പരാമര്‍ശങ്ങളാണ് എം.വി ഗോവിന്ദനെ പലപ്പോഴും ഉത്തരം മുട്ടിക്കുന്നത്. ഇ.പിയുടെ വഴിവിട്ട ഇടപെടലുകളും പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ എം.വി ഗോവിന്ദന് തലവേദനതന്നെ. കാനത്തിനു പകരം ബിനോയ് വിശ്വം എത്തിയെങ്കിലും സെക്രട്ടറി മാറിയെന്നും  തോന്നിപ്പിക്കുന്ന ഉണര്‍വ് സി.പി.ഐയിലോ മുന്നണിയിലോ സൃഷ്ടിക്കാന്‍ ബിനോയ് വിശ്വത്തിനു കഴിഞ്ഞിട്ടില്ലെന്നാണ് വിലയിരുത്തല്‍.

Tags