കേരളത്തിലെ ട്രെയിന്‍ യാത്ര വിഷയത്തിൽ റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വിനായക് കുമാര്‍ തൃപാഠി ഇടപെട്ടതായി കൊടിക്കുന്നില്‍ സുരേഷ് എം.പി

google news
പ്രതിദിന ട്രെയിന്‍ സര്‍വ്വീസുകള്‍ ആരംഭിക്കണം :  കൊടിക്കുന്നില്‍ സുരേഷ് എം.പി

കേരളത്തിലെ ട്രെയിന്‍ യാത്രക്കാരുടെ ദുരിതപൂര്‍ണ്ണമായ യാത്രാ ക്ലേശത്തിന് അടിയന്തിര പരിഹാരം കാണാന്‍ റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വിനായക് കുമാര്‍ തൃപാഠി ഇടപെട്ടതായി കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു. ന്യൂഡെല്‍ഹിയില്‍ ശനിയാഴ്ച ചേര്‍ന്ന റെയില്‍വേ സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തില്‍ റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍റെ സാന്നിദ്ധ്യത്തില്‍ യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ അടിയന്തിര ഇടപെടല്‍ വേണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി ആവശ്യപ്പെട്ടു.
    
റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍റെ ചേംബറില്‍ നടന്ന യോഗത്തിന് ശേഷം കേരളത്തില്‍ പാസഞ്ചര്‍, മെമു ട്രെയിനുകള്‍ പൂര്‍ണ്ണമായി സര്‍വ്വീസ് നടത്താത്തത് മൂലം സാധാരണക്കാരായ യാത്രക്കാരും സീസണ്‍ ടിക്കറ്റുകാരും ദീര്‍ഘദൂര എക്സ്പ്രസ്സ് ട്രെയിനുകളില്‍ യാത്ര ചെയ്യേണ്ട അവസ്ഥയാണ് നിവിലുള്ളതെന്നും എം.പി പറഞ്ഞു.
    
എറണാകുളം- തിരുവനന്തപുരം സെക്ടറില്‍ ഇനിയും ഓടാത്ത പാസഞ്ചര്‍,മെമു ട്രെയിനുകള്‍ ഓടിക്കാന്‍ ദക്ഷിണ റെയില്‍വേക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് എം.പി ആവശ്യപ്പെട്ടു. എം.പിയുമായുള്ള ചര്‍ച്ചയെതുടര്‍ന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ റെയില്‍വേ ബോര്‍ഡിലെ കോച്ച് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടര്‍ മനീന്ദര്‍ സിംഗ് ഭാട്ടിയക്ക് അടിയന്തിര നിര്‍ദ്ദേശം നല്‍കുകയും അദ്ദേഹം സതേണ്‍ റെയില്‍വേ ചീഫ് ട്രാഫിക് മാനേജരുമായി ഫോണില്‍ ബന്ധപ്പെട്ട് കോവിഡ് കാലത്ത് നിര്‍ത്തലാക്കിയ എല്ലാ പാസഞ്ചര്‍, മെമു തീവണ്ടികളും ആരംഭിക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയതായി എം.പി അറിയിച്ചു.
    
കൂടാതെ പാസഞ്ചര്‍, മെമു ട്രെയിനുകള്‍ സ്പെഷ്യല്‍ ട്രെയിനുകളായി ഓടിക്കുകയും ടിക്കറ്റുകള്‍ക്ക് സ്പെഷ്യല്‍ ട്രെയിനിന്‍റെ ചാര്‍ജ്ജ് ഈടാക്കുകയും ചെയ്യുന്നത് ഉടന്‍ പിന്‍ലിക്കണമെന്നും എം.പി ആവശ്യപ്പെട്ടു. കോവിഡ് കാലത്ത് ഏര്‍പ്പെടുത്തിയ ഈ പരിഷ്ക്കാരം സാധാരണക്കാരായ യാത്രക്കാരെ വല്ലാതെ ബാധിക്കുന്നതായി അദ്ദേഹം പറഞ്ഞു.പാസഞ്ചര്‍, എക്സ്പ്രസ്സ്,മെമു ട്രെയിനുകള്‍ക്ക് കോവിഡ് കാലത്തിന് മുമ്പുണ്ടായിരുന്ന സ്റ്റോപ്പുകള്‍ സ്പെഷ്യല്‍ ട്രെയിനുകളായി ഓടിയപ്പോള്‍ നിര്‍ത്തലാക്കിയിരുന്നു. ഇപ്രകാരം വെട്ടിക്കുറച്ച മുഴുവന്‍ സ്റ്റോപ്പുകളും പുനസ്ഥാപിക്കണമെന്നും എം.പി ഇന്നത്തെ റെയില്‍വേ ബോര്‍ഡ് ചെയര്‍മാനുമായുള്ള യോഗത്തില്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച നിര്‍ദ്ദേശവും സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ക്ക് നല്‍കിയിട്ടുണ്ട്.
    
എറണാകുളത്ത് നിന്ന് കോട്ടയം-കൊല്ലം-പുനലൂര്‍-ചെങ്കോട്ടവഴി വേളാങ്കണ്ണിക്കുള്ള ട്രെയിന്‍തീര്‍ത്ഥാടനകാലത്ത് സ്പെഷ്യല്‍ ട്രെയിനായി ആരംഭിക്കണമെന്നും പിന്നീടത് എക്സ്പ്രസ്സ് ട്രെയിനാക്കി സ്ഥിരം ഓടിക്കണമെന്നുമുള്ള എം.പിയുടെ നിര്‍ദ്ദേശം റെയില്‍വേ ബോര്‍ഡ് അംഗീകരിച്ചു. പുനലൂര്‍ ഗുരുവായൂര്‍ പാസഞ്ചര്‍ ട്രെയിന്‍ എക്സ്പ്രസ്സ് ട്രെയിനായി അപ്ഗ്രേഡ് ചെയ്ത് നിലവിലുള്ള സ്റ്റോപ്പുകള്‍ വെട്ടിക്കുറയ്ക്കാതെ മധുര വരെ നീട്ടണമെന്നും എം.പി ആവശ്യപ്പെട്ടു.   
    
തിരുനെല്‍വേലി-പാലക്കാട്-പാലരുവി- എക്സ്പ്രസ്സ് തൂത്തുക്കുടി വരെ നീട്ടണമെന്നും തിരുവനന്തപുരം പാലക്കാട് മധുര അമൃത എക്സ്പ്രസ്സ് രാമേശ്വരം വരെ നീട്ടണമെന്നും ഇന്നത്തെ യോഗത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എം.പി ആവശ്യപ്പെട്ടു. പുനലൂര്‍-ചെങ്കോട്ട മീറ്റര്‍ഗേജില്‍ ഓടിക്കൊണ്ടിരക്കുന്ന ട്രെയിനുകള്‍ ബ്രോഡ്ഗേജ് പണികള്‍ക്കായി  നിര്‍ത്തിവയ്ക്കുകയും ചെയ്ത കൊല്ലം- പളനി- കോയമ്പത്തൂര്‍ എക്സ്പ്രസ്സ് ട്രെയിന്‍ ബാംഗ്ലൂര്‍ വരെ നീട്ടി പുനരാരംഭിക്കണം. തിരുനെല്‍വേലിയില്‍ നിന്ന് കൊല്ലം വരെ ഓടിക്കൊണ്ടിരുന്ന പാസഞ്ചര്‍ ട്രെയിന്‍ കൊല്ലത്തു നിന്നും കോട്ടയം വഴി നിലമ്പൂര്‍ വരെ നീട്ടണമെന്ന ആവശ്യവും എം.പി യോഗത്തില്‍ ആവശ്യപ്പെട്ടു.
    
കോട്ടയം-കൊല്ലം പാസഞ്ചര്‍, പുനലൂര്‍-കൊല്ലം പാസഞ്ചര്‍ ട്രെയിനുകള്‍ ആരംഭിക്കുന്നതിനുള്ള അനുമതിക്കായി സതേണ്‍ റെയില്‍വേ റെയില്‍വേ ബോര്‍ഡിന്‍റെ അനുമതി ആവശ്യപ്പെട്ടിട്ടുണ്ടെന്നും എത്രയും വേഗം അനുമതി നല്‍കണമെന്നും കൊടിക്കുന്നില്‍ സുരേഷ്ി എം.പി യോഗത്തില്‍ ആവശ്യപ്പെട്ടു.

Tags