രണ്ടു വര്‍ഷത്തിനുള്ളില്‍ കൊച്ചി മെട്രോ രണ്ടാം ഘട്ട നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്

google news
kochi metro

ടെന്‍ഡര്‍ നടപടികള്‍ വേഗത്തിലാക്കി രണ്ടു വര്‍ഷത്തിനുള്ളില്‍ കൊച്ചി മെട്രോ രണ്ടാം ഘട്ട നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്. കലൂര്‍ മുതല്‍ ഇന്‍ഫോപാര്‍ക് വരെ ഉള്ള പാതയുടെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ഇടവേളക്ക് ശേഷം വീണ്ടും സജീവമായി. ഇതിനിടെ ചെമ്പുമുക്ക് സ്റ്റേഷന്‍ സ്ഥലമേറ്റെടുപ്പില്‍ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ രംഗത്തെത്തി. ആദ്യഘട്ടത്തില്‍ സ്റ്റേഷനുകളുടെ എണ്ണം കുറച്ചും ഗോ ലൈറ്റ് മാതൃകയിലും സ്റ്റേഷന്‍ നിര്‍മ്മിക്കണമെന്നാണ് ഉയരുന്ന നിര്‍ദേശം.

സംസ്ഥാന ബജറ്റില്‍ മെട്രോ രണ്ടാം ഘട്ടം പിങ്ക് ലൈനിനായി അനുവദിച്ചത് 239 കോടി രൂപയാണ്. റോഡ് വീതികൂട്ടലും സ്റ്റേഷനുകളുടെ എന്‍ട്രി എക്‌സിറ്റ് പോയിന്റുകളുടെ പൈലിംഗ് ജോലികളും ടെന്‍ഡര്‍ നടപടികളും തുടരുകയാണ്. കലൂര്‍ മുതല്‍ പാലാരിവട്ടം വരെയുള്ള സ്ഥലമേറ്റെടുപ്പിനും വേഗം കൂടി. മെട്രോ റെയില്‍ പ്രധാന നിര്‍മ്മാണത്തിന്റെ ടെണ്ടര്‍ നടപടികള്‍ക്കും തുടക്കമായി. 11.2 കിലോമീറ്ററില്‍ 11 സ്റ്റേഷനുകളാണ് രണ്ടാം ഘട്ടത്തില്‍ ഉണ്ടാവുക. ചെമ്പുമുക്ക്, പടമുഗള്‍ സ്റ്റേഷന്‍ സ്ഥലമേറ്റെടുപ്പിലാണ് ആശയക്കുഴപ്പം. അടുത്തിടെ പുതുക്കിപണിത സെന്റ് മൈക്കിള്‍സ് പള്ളിയുടെ മുറ്റത്തോട് ചേര്‍ന്നാണ് നിര്‍ദ്ദിഷ്ട സ്റ്റേഷന്‍. എന്നാല്‍ ഈ സ്ഥലം ഏറ്റെടുത്താല്‍ പള്ളിക്കെട്ടിടത്തിന്റെ ഫയര്‍ എന്‍ഒസി അടക്കം നഷ്ടമാകുന്ന സാഹചര്യം ഉയര്‍ത്തിയാണ് പ്രദേശവാസികളുടെ എതിര്‍പ്പ്. സ്റ്റേഷന് വേണ്ടി പള്ളിയുടെ തൊട്ടടുത്തുള്ള കെട്ടിടവും വീടുകളും വിട്ട് നല്‍കാന്‍ ഉടമകള്‍ തയ്യാറെങ്കിലും ഈ നിര്‍ദ്ദേശത്തോട് കെഎംആര്‍എല്‍ പ്രതികരിക്കുന്നില്ലെന്നാണ് പരാതി.

ആദ്യഘട്ടത്തില്‍ സ്റ്റേഷനുകളുടെ എണ്ണം കുറയ്ക്കുന്നത് കെഎംആര്‍എല്‍ പരിഗണിക്കണമെന്നാണ് ഉയരുന്ന മറ്റൊരു നിര്‍ദ്ദേശം. ചിലവ് കുറച്ച് വേഗത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാമെന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ഗോ ലൈറ്റ് മാതൃകയില്‍ സ്റ്റേഷന്‍ നിര്‍മ്മാണം പരിഗണിക്കുന്നതായി കെഎംആര്‍എല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 

Tags