കോട്ടക്കൽ നഗരസഭ തട്ടിപ്പിന്‌ കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ്‌ അന്വേഷണത്തിന്‌ നിർദേശം നൽകി കെ.എൻ. ബാലഗോപാൽ

Minister KN Balagopal
Minister KN Balagopal

തിരുവനന്തപുരം : സാമൂഹിക സുരക്ഷ പെൻഷൻ ക്രമക്കേടുകളിൽ ധന വകുപ്പ്‌ കൂടുതൽ കടുത്ത നടപടികളിലേക്ക്‌. കോട്ടക്കൽ നഗരസഭയിൽ തട്ടിപ്പിന്‌ കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ്‌ അന്വേഷണത്തിന്‌ ധന മന്ത്രി കെ.എൻ. ബാലഗോപാൽ നിർദേശം നൽകി.

പെൻഷൻ അർഹത സംബന്ധിച്ച്‌ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർ, വരുമാന സർട്ടിഫിക്കറ്റ്‌ അനുവദിച്ച റവന്യു ഉദ്യോഗസ്ഥർ, പെൻഷൻ അനുവദിച്ചു നൽകിയ ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ വിജിലൻസ്‌ അന്വേഷണത്തിന്‌ നടപടി സ്വീകരിക്കാൻ ഭരണ വകുപ്പുകൾക്കാണ്‌ നിർദേശം നൽകിയത്‌.

കോട്ടക്കൽ നഗരസഭയിലെ ഏഴാം വാർഡിലെ പെൻഷൻ ഗുണഭോക്താക്കളെ സംബന്ധിച്ച്‌ മലപ്പുറം ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ അന്വേഷണത്തിന്റെ തുടർച്ചയായാണ്‌ വിജിലൻസ്‌ ആന്റി കറപ്‌ഷൻ ബ്യൂറോയുടെ അന്വേഷണം.

ഏഴാം വാർഡിലെ 42 ഗുണഭോക്താക്കളുടെ അർഹത സംബന്ധിച്ച പരിശോധനയിൽ 38 പേരും അനർഹരാണെന്ന്‌ കണ്ടെത്തിയിരുന്നു. ബി.എം.ഡബ്ല്യു കാർ ഉടമകൾ ഉൾപ്പെടെ പെൻഷൻ പട്ടികയിൽ ചേർക്കപ്പെട്ടു എന്നാണ്‌ കണ്ടെത്തിയത്‌.

Tags