കെ എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊന്ന കേസ്: വഫ ഫിറോസിന്‍റെ വിടുതൽ ഹർജിയിൽ വിധി ഇന്ന്

google news
bhasheer
കേസിൽ താൻ നിരപരാധിയാണെന്നും ഒഴിവാക്കണമെന്നുമാണ് വഫയുടെ വാദം. അപകടകരമായി വാഹനം ഓടിക്കാൻ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമനെ പ്രേരിപ്പിച്ചുവെന്നാണ്

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ വാഹനം ഇടിച്ചുകൊന്ന കേസിലെ രണ്ടാം പ്രതി വഫ ഫിറോസ് നൽകിയ വിടുതൽ ഹർജിയിൽ വിധി ഇന്ന് പറയും.

കേസിൽ താൻ നിരപരാധിയാണെന്നും ഒഴിവാക്കണമെന്നുമാണ് വഫയുടെ വാദം. അപകടകരമായി വാഹനം ഓടിക്കാൻ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമനെ പ്രേരിപ്പിച്ചുവെന്നാണ് വഫക്കെതിരായ കേസ്. എന്നാൽ, കേസിൽ ഗൂഡാലോചനയിൽ പങ്കുള്ള വഫയുടെ ഹർജി തള്ളണമെന്നാണ് പ്രോസിക്യൂഷൻ നിലപാട്.

തെളിവ് നശിപ്പിച്ചെന്ന കുറ്റവും വഫയ്ക്കെതിരെ ചുമത്തിയിട്ടുണ്ട്. എന്നാൽ, കുറ്റപത്രത്തിൽ അന്വേഷണ സംഘം ഉൾപ്പെടുത്തിയ 100 സാക്ഷികളിൽ  ഒരാൾ പോലും വഫയ്ക്കെതിരെ മൊഴി നൽകിയിട്ടില്ല. ഇക്കാര്യം വഫയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. രേഖകളിലോ പൊലീസിന്‍റെ അനുബന്ധ രേഖകളിലോ തെളിവില്ലെന്നും വഫയുടെ അഭിഭാഷകൻ വാദിച്ചു. വിടുതൽ ഹർജി സമർപ്പിക്കുമെന്ന് ഒന്നാംപ്രതി ശ്രീറാം വെങ്കിട്ടരാമനും വാക്കാൽ കോടതിയെ അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്.

2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ  ഒരു മണിക്കാണ് മ്യൂസിയത്തിന് സമീപം വച്ച് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് മാധ്യമപ്രവർത്തകൻ കെ എം ബഷീർ മരിച്ചത്. വഫ ഫിറോസിന്‍റെ പേരിലുള്ളതായിരുന്നു കെ എം ബഷീറിനെ ഇടിച്ച വാഹനം. ബഷീറിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. വിഷയത്തിൽ ഹൈക്കോടതി പൊലീസിന്റെ വിശദീകരണം തേടിയിരുന്നു.

സിബിഐ അടക്കമുള്ള എതിർകക്ഷികൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരൻ അബ്ദുഹ്മാൻ നൽകിയ ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനെതിരെ പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കുമെന്നിരിക്കെ പ്രോസിക്യൂഷനും പൊലീസും പ്രതിയെ സഹായിക്കുകയാണെന്ന് ഹർജിയിൽ പറയുന്നു.

Tags