ചലനശേഷി നഷ്ടമായവരെ വീണ്ടും നടക്കാന്‍ പഠിപ്പിക്കുന്ന ജിഗെയിറ്റര്‍ റോബോട്ട് കിംസ്ഹെല്‍ത്തിലും

fgk

തിരുവനന്തപുരം: ചലനശേഷി നഷ്ടമായവരെ വീണ്ടും നടക്കാന്‍ പഠിപ്പിക്കുന്ന ജെന്‍ റോബോട്ടിക്സിന്‍റെ അഡ്വാന്‍സ്ഡ് ഗെയ്റ്റ് ട്രെയിനിങ് റോബോട്ടായ ജിഗെയിറ്റര്‍ തിരുവനന്തപുരം കിംസ്ഹെല്‍ത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ന്യൂറോ റീഹാബിലിറ്റേഷന്‍ മേഖലയില്‍ പുതിയ സാങ്കേതികവിദ്യകള്‍ കൊണ്ടുവരുന്നതിന്‍റെ ഭാഗമായിട്ടാണ് കിംസ്ഹെല്‍ത്തില്‍ ജിഗെയിറ്റര്‍ സ്ഥാപിച്ചത്.

സാമൂഹ്യമാറ്റത്തിനായി സാങ്കേതികവിദ്യ ഉപയോഗിക്കുന്നതില്‍ രാജ്യാന്തര പ്രശംസ നേടിയ കേരളത്തിന്‍റെ സ്വന്തം സ്റ്റാര്‍ട്ടപ്പായ ജെന്‍ റോബോട്ടിക്സ് ആണ് ജിഗെയിറ്റര്‍ വികസിപ്പിച്ചത്. രോഗിയെ പൂര്‍ണാരോഗ്യത്തോടെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്ന് എഐ അധിഷ്ഠിത സ്റ്റാര്‍ട്ടപ്പുകളിലൊന്നായ ജെന്‍റോബോട്ടിക്സ് ന്യൂറോ റീഹാബിലിറ്റേഷന്‍ മേഖലയില്‍ ജിഗെയിറ്റര്‍ റോബോട്ടിനെ അവതരിപ്പിച്ചത്.

മസ്തിഷ്കാഘാതം, അപകടം മൂലം നട്ടെല്ലിനുണ്ടാകുന്ന ക്ഷതം, പക്ഷാഘാതം, പാര്‍ക്കിന്‍സണ്‍സ് രോഗം തുടങ്ങിയവയാല്‍ ചലനശേഷി നഷ്ടപ്പെട്ട രോഗികള്‍ക്ക് നടത്തം പരിശീലിപ്പിക്കുന്ന റോബോട്ടാണ് ജിഗെയിറ്റര്‍. പരമ്പരാഗത ഫിസിയോതെറാപ്പി രീതികളെ അപേക്ഷിച്ച് ജിഗെയ്റ്ററിന്‍റെ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജിന്‍സ്, വി.ആര്‍ തുടങ്ങിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് രോഗിക്ക് ചികിത്സ നല്‍കാനും കാര്യക്ഷമമായ രീതിയില്‍ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്താനും ജിഗെയിറ്ററിനു സാധിക്കും. റോബോട്ടുകളുടെ എഐ പവര്‍ഡ് നാച്ചുറല്‍ ഗെയ്റ്റ് പാറ്റേണ്‍ രോഗികളെ 20 മുതല്‍ 45 മിനുട്ടിനുള്ളില്‍ 900 മുതല്‍ 1000 വരെ ചുവടുകള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്നു.

ജിഗെയിറ്റര്‍ കേരളത്തില്‍ തന്നെ രൂപകല്‍പ്പന ചെയ്യുകയും നിര്‍മ്മിക്കുകയും ചെയ്തുവെന്നത് ഏറെ പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണെന്ന് ജിഗെയിറ്റര്‍ കിംസ്ഹെല്‍ത്തില്‍ സ്ഥാപിക്കുന്ന ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് കിംസ്ഹെല്‍ത്ത് ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ. എം.ഐ സഹദുള്ള പറഞ്ഞു.

 ശാരീരിക വൈകല്യം നേരിടുന്ന ഒരു വ്യക്തിക്ക്  നൂറോപ്ളാസ്റ്റിസിറ്റി കൈവരിക്കുന്നതിന് സ്ഥിരവും കാര്യക്ഷമവുമായ ശ്രമങ്ങള്‍ ആവശ്യമാണ്. ജിഗെയിറ്ററിന്‍റെ പ്രവര്‍ത്തനം കിംസ്ഹെല്‍ത്തില്‍ ലഭ്യമാകുന്നതോടെ ശാരീരിക വൈകല്യമുള്ളവരുടെ പരിചരണത്തിന്‍റെ ഗുണനിലവാരം വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്ന് കിംസ്ഹെല്‍ത്ത് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റിഹാബിലിറ്റേഷന്‍ (പിഎംആര്‍)വിഭാഗം കണ്‍സള്‍ട്ടന്‍റ ഡോ. നിത പറഞ്ഞു. റിഹാബിലിറ്റേഷന്‍ ഘട്ടത്തിലെ നടത്ത പരിശീലനം നേരത്തെ ആരംഭിക്കാനും മികച്ച രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാനും ഇത് സഹായകമാകുമെന്നും അവര്‍ പറഞ്ഞു.

ജിഗെയിറ്റര്‍ റോബോട്ടിക് റിഹാബിലിറ്റേഷന്‍ വളരെ കുറഞ്ഞ സമയം കൊണ്ടുതന്നെ രാജ്യത്തെ പല പ്രാധാന  ആശുപത്രികളില്‍ ഉപയോഗിച്ച് തുടങ്ങി. ജിഗെയിറ്ററില്‍ ഉപയോഗപ്പെടുത്തിയിട്ടുള്ള ആധുനിക സാങ്കേതിക വിദ്യയാണ്  ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റിഹാബിലിറ്റേഷന്‍ രംഗത്ത് ജിഗെയിറ്ററിന് ഒരു വലിയ മാറ്റം സൃഷ്ടിക്കാന്‍ കഴിഞ്ഞതിനു കാരണം.  കൂടാതെ രാജ്യത്തെ  പ്രധാന സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികള്‍ ജിഗെയിറ്റര്‍ സ്ഥാപിക്കാനായി തങ്ങളെ  സമീപിക്കുന്നുണ്ടെന്നും ജെന്‍ റോബോട്ടിക്സ്  ഇന്നൊവേഷന്‍സ് ഡയറക്ടര്‍ വിമല്‍ ഗോവിന്ദും ജെന്‍ റോബോട്ടിക്സ് മെഡിക്കല്‍ ആന്‍ഡ് മൊബിലിറ്റി റീജണല്‍ ഡയറക്ടര്‍ അഫ്സല്‍ മുട്ടുക്കലും പറഞ്ഞു.

          ജിഗെയിറ്ററിന്‍റെ സേവനം നിലവില്‍ കൊച്ചി അമൃത, അരീക്കോട് ആസ്റ്റര്‍ മദര്‍, തിരുവനന്തപുരം ജനറല്‍ ആശുപത്രി, തിരുവനന്തപുരം എസ്പി വെല്‍ഫോര്‍ട്ട്, കണ്ണൂര്‍ തണല്‍ ബ്രെയിന്‍ ആന്‍ഡ് സ്പൈന്‍ മെഡ്സിറ്റി എന്നീ ആശുപത്രികളില്‍ ലഭ്യമാണ്. 15 ലക്ഷത്തിലേറെ റോബോട്ടിക് ചുവടുകളും 2400 ല്‍പരം തെറാപ്പി സെഷനുകളും ജിഗെയിറ്റര്‍ ഇതിനോടകം പൂര്‍ത്തിയാക്കി.

ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ആഗോളതലത്തില്‍ 2.5 ബില്യണിലധികം ആളുകള്‍ക്ക് ഇത്തരത്തിലുള്ള സാങ്കേതികവിദ്യയുടെ സഹായം ആവശ്യമാണ്. സമയോചിതമായി സാങ്കേതികവിദ്യകള്‍ ലഭ്യമാക്കുന്നത് രോഗികളുടെ സുരക്ഷിതത്വം മെച്ചപ്പെടുത്തും.

സെന്‍ട്രല്‍ ഡ്രഗ് സ്സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍റെ അംഗീകാരം ലഭിച്ചിട്ടുള്ള ജിഗെയിറ്റര്‍ റിഹാബിലിറ്റേഷന്‍ മേഖലയില്‍ വലിയ ചുവടുവയ്പാണ്. ഇത് സ്ഥാപിക്കുന്നതിലൂടെ കേരളത്തിന്‍റെ ന്യൂറോ റീഹാബിലിറ്റേഷന്‍ ചികിത്സാ രംഗത്ത് വിപ്ലവകരമായ മാറ്റമുണ്ടാക്കാനാകും.

ഓരോ രോഗിയുടെയും ആവശ്യങ്ങള്‍ക്കനുസരിച്ച് പുനരധിവാസ നടപടി ക്രമങ്ങള്‍ ക്രിയാത്മകമായി ക്രമീകരിക്കാന്‍ ഡോക്ടര്‍മാരെ ജി-ഗെയിറ്റര്‍ സഹായിക്കുന്നു. രോഗികളുടെ സമയവും പ്രയത്നവും ലാഭിക്കുന്നതോടൊപ്പം വീണ്ടും നടക്കാനുള്ള ലക്ഷ്യം കൈവരിക്കാന്‍ ഇത് സഹായകമാണ്. ജിഗെയിറ്ററിന്‍റെ പ്രവര്‍ത്തനം ഗെയ്റ്റ് പരിശീലനത്തിന്‍റെ അടിസ്ഥാന സിദ്ധാന്തമായ മോട്ടോര്‍ റി-ലേര്‍ണിംഗിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

Tags