വാഹനപുക പരിശോധനയിൽ കേന്ദ്രത്തെ അനുസരിക്കാതെ കേരളം

smog

സംസ്ഥാനത്തെ പെട്രോള്‍ വാഹനങ്ങളുടെ പുകപരിശോധനാ നിലവാരം  കേന്ദ്രമാനദണ്ഡപ്രകാരം ഉയര്‍ത്തുന്നതില്‍ മോട്ടോര്‍ വാഹനവകുപ്പിന് വീഴ്ച. ഭാരത് സ്റ്റേജ് 4, 6 വിഭാഗങ്ങളില്‍പ്പെട്ട പെട്രോള്‍ വാഹനങ്ങളുടെ പുകപരിശോധനയ്ക്ക് 2019 മുതല്‍  കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരുന്ന ലാംഡ ടെസ്റ്റ്   പരിശോധനാകേന്ദ്രങ്ങളുടെ നവീകരണം ഉള്‍പ്പെടെയുള്ള സാങ്കേതികപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് മോട്ടോര്‍വാഹനവകുപ്പ് നീട്ടിവെച്ചു.

പെട്രോള്‍ വാഹനങ്ങളിലെ ഇന്ധന ജ്വലനസംവിധാനം കൃത്യമാണെങ്കില്‍മാത്രമേ പുറംതള്ളുന്ന വാതകങ്ങള്‍വഴിയുള്ള മലിനീകരണത്തോത് കുറയുകയുള്ളൂ. ഇന്ധനവും വായുവും തമ്മില്‍ ചേരുന്നതിലെ വ്യതിയാനംമുതല്‍ ജ്വലനരീതിയിലെ സാങ്കേതിക പോരായ്മകള്‍വരെ മലിനീകരണം ഉയര്‍ത്തും. ഇത് നിയന്ത്രിച്ചാല്‍മാത്രമേ അന്തരീക്ഷ മലിനീകരണത്തോത് കുറയ്ക്കാന്‍ കഴിയുകയുള്ളൂ.

പരിശോധന നടക്കുന്ന സമയത്തെ എന്‍ജിന്‍ വേഗം(ആര്‍.പി.എം)കൂടി കണക്കിലെടുത്താണ് ലാംഡ പരിശോധനയില്‍ ഫലം നിശ്ചയിക്കുന്നത്. ഇതിനായി എന്‍ജിന്‍ വേഗം കണക്കാക്കുന്ന സംവിധാനം വാഹന പുകപരിശോധനയ്ക്കുള്ള യന്ത്രങ്ങളില്‍ ഉണ്ടാകേണ്ടതുണ്ട്.

ലാംഡ ടെസ്റ്റ് നടപ്പാക്കരുതെന്നാവശ്യപ്പെട്ട് പരിശോധനാകേന്ദ്രങ്ങളുടെ ഉടമകള്‍ നല്‍കിയ കേസും 2022 നവംബറില്‍ ഹൈക്കോടതി തള്ളിയിരുന്നു. മറ്റു സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും പുതിയ രീതി അവലംബിച്ച സ്ഥിതിക്ക് കേരളത്തിലും നടപ്പാക്കാന്‍ കോടതി ഉത്തരവിടുകയും ചെയ്തു. എന്നാല്‍, ഇതുസംബന്ധിച്ച ഫയലില്‍ പിന്നീട് നടപടിയെടുത്തിട്ടില്ല.

Tags