ടൂറിസം ലൈഫ് ഗാർഡുകൾക്ക് രക്ഷാ ഉപകരണങ്ങളും യൂണിഫോമും ലഭ്യമാക്കണം; കേരള ടൂറിസം ലൈഫ് ഗാർഡ് എംപ്ലോയിസ് യൂണിയൻ
ടൂറിസം വകുപ്പിന് കീഴിൽ കേരളത്തിലെ ബീച്ചുകളിൽ രക്ഷാപ്രവർത്തനം നടത്തി വരുന്ന ലൈഫ് ഗാർഡുകൾക്ക് തൊഴിൽ സുരക്ഷിതത്വം ഉറപ്പ് വരുത്തണമെന്നും, എല്ലാ വർഷവും 2 ജോഡി യൂണിഫോം അനുവദിക്കണമെന്നും, രക്ഷാപ്രവർത്തനത്തിനാവശ്യമായ റെസ്ക്യൂട്യൂബ്, ലൈഫ്ബോയ, ബീച്ച് കുടകൾ, റോപ് , ബൈനോക്കുലർ, തുടങ്ങിയ രക്ഷാ ഉപകരണങ്ങൾ ലഭ്യമാക്കണമെന്നും ലൈഫ് ഗാർഡുകൾക്കായി എല്ലാ ബിചുകളിലും വാച്ച്ടവർ, ശൗചാലയം എന്നിവ നിർമ്മിക്കണമെന്നും കേരള ടൂറിസം ലൈഫ് ഗാർഡ് എംപ്ലോയിസ് യൂണിയൻ സിഐടിയു ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻ്റ് കെ.പി സഹദേവനും, ജനറൽ സെക്രട്ടറി പി. ചാൾസൺ എന്നിവർ പ്രസ്താവനയിലൂടെയാണ് ആവശ്യം ഉന്നയിച്ചത്.
നേരത്തെ നിരവധി തവണ ഇതേ ആവശ്യങ്ങൾ ഉന്നയിച്ച് യൂനിയൻ ടൂറിസം ഡയരക്ടർക്കും, വകുപ്പ് മന്ത്രിക്കും നിവേദനം നല്കുകയും, ടൂറിസം ഡയരക്ടറേറ്റ് പടിക്കലേക്കും, സെക്രട്ടറിയേറ്റിലേക്കും മാർച്ചും ധർണ്ണാ സമരമുൾപ്പെടെ നടത്തിയെങ്കിലും ഇത് വരെയും ഒന്നും നടപ്പിലാക്കിയിട്ടില്ലെന്നും ഇവർ പ്രസ്താവനയിൽ പറഞ്ഞു.
ടൂറിസ്റ്റുകളുടെ കേരളത്തിലെ സീസൺ ആരംഭിക്കുകയാണ്. രക്ഷാ ഉപകരണങ്ങൾ ലഭ്യമാകാതിരിക്കുക എന്ന് പറയുന്നത് ലൈഫ് ഗാർഡുകളുടെയും, ടൂറിസ്റ്റുകളുടെയും ജീവന് തന്നെ ഭീക്ഷണിയാണ് ആയതിനാൽ എത്രയും വേഗം കേരളത്തിലെ ലൈഫ് ഗാർഡുകൾക്ക് ഇത് ലഭ്യമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.