കേരള സംസ്ഥാന ഹയർ എജുക്കേഷൻ കൗൺസിലിന്റെ സ്കോളർഷിപ്പിന് അപേക്ഷിക്കാം

scholarship

 2023-24 അധ്യയനവർഷത്തേക്ക് ബിരുദപഠനത്തിന് കേരള സംസ്ഥാന ഹയർ എജുക്കേഷൻ കൗൺസിൽ നൽകുന്ന സ്കോളർഷിപ്പിന് അപേക്ഷിക്കാം. മൊത്തം 1000 സ്കോളർഷിപ്പാണ് നൽകുന്നത്. പൊതുവിഭാഗക്കാർക്ക് 50 ശതമാനം സ്കോളർഷിപ്പുകൾ അനുവദിക്കും. മറ്റു വിഭാഗങ്ങൾക്കുള്ള സ്കോളർഷിപ്പ് ശതമാനം: എസ്.സി./എസ്.ടി.-10, ഒ.ബി.സി.-27, ബി.പി.എൽ.-10, ഭിന്നശേഷി-3.

മൂന്നുവർഷം സ്കോളർഷിപ്പ് ലഭിക്കും. കോഴ്‌സിന്റെ ആദ്യവർഷം 12,000 രൂപയും രണ്ടാംവർഷം 18,000 രൂപയും മൂന്നാംവർഷം 24,000 രൂപയും. തുടർന്ന് പി.ജി. പഠനം നടത്തുന്നുണ്ടെങ്കിൽ, രണ്ടുവർഷംകൂടി സ്കോളർഷിപ്പ് ലഭിക്കും. ആദ്യവർഷം 40,000 രൂപ, രണ്ടാം വർഷം 60,000 രൂപ .

40 ശതമാനമോ മുകളിലോ ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്ക് സ്കോളർഷിപ്പായി ഈ നിരക്കിൽനിന്നും 25 ശതമാനംകൂടി അധികമായി ലഭിക്കും. സ്കോളർഷിപ്പ് ലഭിക്കുന്നവർക്ക് തുടർവർഷങ്ങളിൽ അതു പുതുക്കിലഭിക്കാൻ അക്കാദമിക് മികവ് തെളിയിക്കണം.

ഓരോ സർവകലാശാലയിലും ഓരോ സ്ട്രീമിലും അനുവദിച്ച ആകെ സീറ്റുകൾക്ക് ആനുപാതികമായിട്ടായിരിക്കും സ്കോളർഷിപ്പ് അനുവദിക്കുക. അപേക്ഷകർ ഇന്ത്യൻ പൗരരായിരിക്കണം. സയൻസ്, സോഷ്യൽ സയൻസ്, ഹ്യുമാനിറ്റീസ്, ബിസിനസ് സ്റ്റഡീസ് വിഷയങ്ങളിൽ, കേരളത്തിലെ ഗവൺമെന്റ്/എയ്ഡഡ് ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ എയ്ഡഡ് ബിരുദതല കോഴ്‌സിലോ സമാനമായ കോഴ്‌സുകളിൽ ഐ.എച്ച്.ആർ.ഡി. അപ്ലൈഡ് സയൻസ് കോളേജുകളിലോ 2023-24ൽ, ഒന്നാംവർഷം പഠിക്കുന്നവർക്ക് അപേക്ഷിക്കാം. പ്രൊഫഷണൽ/സ്വാശ്രയ കോഴ്സുകളിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാൻ അർഹതയില്ല.

Tags