കേരളത്തിൽ മഴ ശക്തമാകുന്നു
തിരുവനന്തപുരം: കോമോറിൻ തീരം മുതൽ റായൽസീമ വരെ ന്യൂനമർദ്ദപാത്തി നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തും മഴ ശക്തമാകുന്നു. ന്യൂനമർദ്ദപാത്തിയുടെ സ്വാധീനമുള്ളതിനാൽ ഇന്നും നാളെയും സംസ്ഥാനത്ത് 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് പരക്കെ മഴ സാധ്യതയെന്നാണ് പ്രവചനം. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് അറിയിപ്പുണ്ട്. കിഴക്കൻ മേഖലകളിൽ മഴ കനത്തേക്കും. ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട്. മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുമുണ്ട്.
ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം,കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.