ഗുജറാത്ത് മോഡല്‍ ഡാഷ് ബോര്‍ഡ് കേരളത്തിലും; ക്ലിഫ് ഹൗസില്‍ സൗകര്യം ഒരുക്കും

google news
gujarat model dashboard system

തിരുവനന്തപുരം :ഗുജറാത്ത് മോഡല്‍ ഡാഷ് ബോര്‍ഡ് മോഡല്‍ സംവിധാനം കേരളത്തിലും നടപ്പാക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഗുജറാത്ത് മോഡൽ ഭരണ നിർവഹണം നടപ്പാക്കാൻ ചീഫ് സെക്രട്ടറി റിപ്പോർട്ട് സമർപ്പിച്ചു. ക്ലിഫ് ഹൗസിൽ സി എം ഡാഷ് ബോർഡ് സംവിധാനം സ്ഥാപിക്കണമെന്ന റിപ്പോർട്ട് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് കൈമാറി. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ പ്രവർത്തനം തുടങ്ങാനാണ് ആലോചന. ക്ലിഫ് ഹൗസ് ഡാഷ് ബോർഡ് നിർമ്മാണത്തിന് ഊരാളുങ്കലിനെ ചുമതലപ്പെടുത്തും. ഗുജറാത്തിലും സി എം ഡാഷ് ബോർഡുള്ളത് മുഖ്യമന്ത്രിയുടെ വസതിയിലാണ്.

ഇ ഗവേര്‍ണന്‍സ് സംവിധാനം കാര്യക്ഷമമായി നടപ്പാക്കുക എന്നതാണ് സിഎം ഡാഷ് ബോര്‍ഡ് എന്ന സംവിധാനം കൊണ്ട് ഉദേശിക്കുന്നത്. ഇത്തരം ഒരു സംവിധാനം ഒരുക്കുകയാണെങ്കില്‍ അത് ആദ്യഘട്ടത്തില്‍ ക്ലിഫ് ഹൗസില്‍ തന്നെ ഒരുക്കും. ഇതിനായി ക്ലിഫ് ഹൗസ് വളപ്പില്‍  പ്രത്യേക കെട്ടിടം സ്ഥാപിക്കും. ചീഫ് സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ട് മുഖ്യമന്ത്രി തന്റെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ഡോ. കെ എം എബ്രഹാമിന് കൈമാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫയല്‍ നീക്കങ്ങളുടെ പുരോഗതി വ്യക്തമായി മനസിലാക്കാവുന്ന സംവിധാനമാണ് ഡാഷ് ബോര്‍ഡ് എന്നതിലുടെ ലക്ഷ്യം വയ്ക്കുന്നത്. സംസ്ഥാനത്തെ 44 വകുപ്പുകളിലെയും വിവരങ്ങള്‍ തത്സമയം ഇതിലൂടെ വ്യക്തമായി നിരീക്ഷിക്കാനും വിലയിരുത്താനും കഴിയുമെന്നാണ് കണക്കാക്കുന്നത്. കേരളത്തില്‍ 278 സേവനങ്ങള്‍ക്ക് ഡാഷ്‌ബോഡ് ഉണ്ട്. ഇതില്‍ 75 ഡാഷ് ബോര്‍ഡുകള്‍ മാത്രമാണ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

Tags