സർവീസിലിരിക്കെ മരണം: വരുമാന സർട്ടിഫിക്കറ്റ് ഒരു വർഷത്തിനകം വാങ്ങണമെന്ന് സർക്കാർ
kerala govt files

കൊച്ചി : സർവീസിലിരിക്കെ സർക്കാർ ഉദ്യോഗസ്ഥർ മരിച്ചാൽ, കുടുംബാംഗങ്ങൾ ഒരു വർഷത്തിനുള്ളിൽ റവന്യു അധികൃതരിൽ നിന്നു വാർഷിക വരുമാന സർട്ടിഫിക്കറ്റ് വാങ്ങണമെന്നു സർക്കാർ മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. വർഷാവർഷം വരുമാനത്തിൽ മാറ്റം വരുമെന്നതിനാലാണ് ഇത്. സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ ആശ്രിതനിയമനം നഷ്ടമാകും.

പാലക്കാട് പുതുപ്പരിയാരം പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയായിരിക്കെ മരിച്ച ഇ.സി.കൃഷ്ണന്റെ മകൻ, ആശ്രിതനിയമനം ലഭിച്ചില്ലെന്ന് ആരേ‍ാപിച്ചു പരാതി നൽകിയിരുന്നു.ഇതിൽ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണു സർക്കാർ ഇക്കാര്യം അറിയിച്ചത്. ആശ്രിത നിയമനത്തിനുള്ള വരുമാനപരിധി 8 ലക്ഷം രൂപയാക്കി 2018 ഏപ്രിൽ 28നു സർക്കാർ ഉത്തരവിറക്കിയിരുന്നു.

പരാതിക്കാരന്റെ കുടുംബത്തിന്റെ വാർഷിക വരുമാനം ഇതിൽ കൂടുതലായതിനാലാണ് അപേക്ഷ നിരസിച്ചതെന്നു റിപ്പോർട്ട് പറയുന്നു. 2014 ഫെബ്രുവരി 13നാണ് പരാതിക്കാരന്റെ അച്ഛൻ മരിച്ചത്. 2018 ലെ ഉത്തരവിൽ മുൻകാല പ്രാബല്യം പറഞ്ഞിരുന്നില്ല. മരണം സംഭവിച്ചു തൊട്ടുപിന്നാലെയുള്ള കാലയളവിൽ വരുമാന സർട്ടിഫിക്കറ്റ് വാങ്ങിയിരുന്നെങ്കിൽ നിയമനം തടസ്സപ്പെടുകയില്ലായിരുന്നു.അനന്തരാവകാശിക്കു പ്രായപൂർത്തിയായിട്ടില്ലെങ്കിൽ, പ്രായപൂർത്തിയായി 3 വർഷത്തിനകം ആശ്രിത നിയമനത്തിന് അപേക്ഷ നൽകണമെന്ന് പഞ്ചായത്ത് ഡയറക്ടർ കമ്മിഷനെ അറിയിച്ചു.

Share this story