‘ഭരണഘടന ഉറപ്പുതരുന്ന ഫെഡറല്‍ തത്വങ്ങള്‍ പുനഃസ്ഥാപിക്കുക എന്നതാണ് കേരള സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിഷേധത്തിന്റെ പ്രധാന ആവശ്യം’; സീതാറാം യെച്ചുരി

sitaram
sitaram

ഡല്‍ഹി: ഭരണഘടന ഉറപ്പുതരുന്ന ഫെഡറല്‍ തത്വങ്ങള്‍ പുനഃസ്ഥാപിക്കുക എന്നതാണ് കേരള സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിഷേധത്തിന്റെ പ്രധാന ആവശ്യമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചുരി. സംസ്ഥാനങ്ങളുടെ അവകാശങ്ങളില്‍ കേന്ദ്രം കൈകടത്തുന്നു. കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത് കടുത്ത ലംഘനങ്ങളാണ്. എല്ലാ പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും മുഖ്യമന്ത്രി കത്തയിച്ചിട്ടുണ്ട്. എല്ലാവരും പങ്കെടുക്കണമെന്ന് സിപിഐഎം ആഹ്വാനം ചെയ്തിട്ടുണ്ട്. ജനാധിപത്യം സംരക്ഷിക്കണമെന്നുള്ള എല്ലാവരും പങ്കെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതിഷേധത്തില്‍ പങ്കെടുക്കണോയെന്ന് കോണ്‍ഗ്രസ് ആണ് തീരുമാനിക്കേണ്ടത്. ഭരണഘടന അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഓരോ രാജ്യസ്‌നേഹിയും ഒന്നിച്ചു നില്‍ക്കണമെന്നാണ് സിപിഐഎം ആഹ്വാനം ചെയ്യന്നത്. ഫെഡറലിസം ഭരണ ഘടനയുടെ അടിസ്ഥാന തത്വങ്ങളില്‍ ഒന്നാണ്. ദേശീയ നേതൃത്വം പങ്കെടുക്കാണോയെന്ന് കോണ്‍ഗ്രസ് തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ മുന്നണിയിലെ ഭൂരിഭാഗം പാര്‍ട്ടികളും പ്രതിഷേധത്തില്‍ പങ്കെടുക്കും. ഡല്‍ഹിയില്‍ ഉള്ള ഇന്ത്യ മുന്നണി നേതാക്കള്‍ പങ്കെടുക്കുമെന്നും മറ്റ് പാര്‍ട്ടികള്‍ പ്രതിനിധികളെ അയക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.അതേസമയം കേരള സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിഷേധത്തില്‍ ആം ആദ്മി പാര്‍ട്ടി പങ്കെടുക്കും. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗ്വന്ത് മന്നും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

Tags