കേരളം ഭരിക്കുന്നത് ബി.ജെ.പിയെ ഭയമുള്ള ഭീരുക്കൾ : വി.ഡി സതീശൻ

VD Satheesan

കൊച്ചി : കേരളം ഭരിക്കുന്നത് ബി.ജെ.പിയെ ഭയമുള്ള ഭീരുക്കളെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഈ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസിന്റെ മയ്യത്തെടുക്കുമെന്നാണ് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും പാര്‍ട്ടി വക്താവുമായ എ.കെ ബാലന്‍ പറയുന്നത്. കോണ്‍ഗ്രസ് പരാജയപ്പെട്ടാല്‍ പിന്നെ ആര് ജയിക്കുമെന്നാണ് ബാലന്‍ പറയുന്നത്? പത്തോ പതിനെട്ടോ സീറ്റില്‍ മാത്രം മത്സരിക്കുന്ന സി.പി.എം അല്ലല്ലോ ജയിക്കുന്നത്.

ബി.ജെ.പി ജയിക്കുമെന്നാണ് സി.പി.എം നേതാവ് പറയുന്നത്. സി.പി.എം നേതാക്കളെല്ലാം ബി.ജെ.പിക്ക് സ്‌പേസ് ഉണ്ടാക്കിക്കൊടുക്കാനുള്ള തിരക്കിലാണ്. ബി.ജെ.പി നിരവധി സ്ഥലങ്ങളില്‍ രണ്ടാം സ്ഥാനത്ത് എത്തുമെന്നും മിടുക്കരായ സ്ഥാനാർഥികളുണ്ടെന്നുമാണ് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ പറഞ്ഞത്. ഇപ്പോള്‍ രാജ്യത്ത് തന്നെ കോണ്‍ഗ്രസിന്റെ മയ്യത്തെടുക്കാന്‍ പോകുകയാണെന്നാണ് മറ്റൊരു കേന്ദ്ര കമ്മിറ്റി അംഗം പറഞ്ഞിരിക്കുന്നത്.

ബി.ജെ.പിയെ ഭയന്നാണ് കേരളത്തിലെ സി.പി.എം നില്‍ക്കുന്നത്. അന്വേഷണം ഉണ്ടാക്കിയ അനിശ്ചിതത്വത്തെ തുടര്‍ന്നുള്ള ഭയം കൊണ്ടാണ് പിണറായി വിജയന്‍ അനുയായികളെക്കൊണ്ട് ബി.ജെ.പിയെ സന്തോഷിപ്പിക്കുന്ന പ്രസ്താവനകള്‍ പുറപ്പെടുവിപ്പിക്കുന്നത്. സി.പി.എം മത്സരിക്കുന്നത് പാര്‍ട്ടിയുടെ അംഗീകാരവും ചിഹ്നവും സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്നാണ് എ.കെ ബാലന്‍ പറയുന്നത്.

അംഗത്വമില്ലെങ്കില്‍ ഈനാംപേച്ചിയുടെയും മരപ്പട്ടിയുടെയുമൊക്കെ ചിഹ്നത്തില്‍ മത്സരിക്കേണ്ടി വരുമെന്നാണ് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പറയുന്നത്. കേരളത്തില്‍ മാത്രം അവശേഷിക്കുന്ന സി.പി.എം വംശനാശം നേരിടുകയാണ്. ഇവര്‍ മത്സരിക്കുന്നത് ബി.ജെ.പിയെ പരാജയപ്പെടുത്താനല്ല. അംഗീകാരവും കൊടിയും ചിഹ്നവും നഷ്ടപ്പെടാതിരിക്കാന്‍ സി.പി.എം മത്സരിക്കുമ്പോള്‍, വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെ താഴെയിറക്കി അധികാരത്തിലേറാനാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. ഈനാംപേച്ചിയുടെയും മരപ്പട്ടിയുടെയും ചിഹ്നത്തില്‍ മത്സരിക്കേണ്ടി വരുമെന്ന് അണികളെ ബോധ്യപ്പെടുത്തേണ്ട ഗതികേടിലേക്ക് സി.പി.എം നേതാക്കള്‍ അധപതിച്ചുവെന്നും സതീശൻ പറഞ്ഞു.

ബംഗാളില്‍ നാലും അഞ്ചും സ്ഥാനത്താണ് സി.പി.എം സ്ഥാനാർഥികള്‍. ഇല്ലാതായിക്കൊണ്ടിരിക്കുന്ന ആ പാര്‍ട്ടിയാണ് കോണ്‍ഗ്രസിന്റെ മയ്യത്തെടുക്കാന്‍ നടക്കുന്നത്. ഞങ്ങളുടെ പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും കൊല്ലുകയും ജയിലിലാക്കുകയും ചെയ്യുന്ന ക്രൂരന്മാരുടെ പാര്‍ട്ടിയാണ് കേരളത്തിലെ സി.പി.എം. മുഖ്യമന്ത്രി എന്തിനാണ് ആര്‍.എസ്.എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയത്. മധ്യസ്ഥത വഹിച്ച ശ്രീ എമ്മിന് ഭൂമി പതിച്ച് കൊടുത്തത് എന്തിനാണ്? ഇതിനൊന്നും മറുപടിയില്ല.

എന്നിട്ടാണ് ബി.ജെ.പിയുടെ ബി ടീമായി സി.പി.എം പ്രവര്‍ത്തിക്കുന്നത്. സ്വയം കൃതാനാര്‍ത്ഥമാണ് സി.പി.എം തകര്‍ന്നത്. കേരളത്തില്‍ സി.പി.എമ്മിന്റെ കാലനായി പിണറായി വിജയന്‍ മാറും. തീവ്ര വലതുപക്ഷ വ്യതിയാനത്തിലേക്ക് പിണറായി പോയി. ഇടതല്ല, ബൂര്‍ഷ്വാ പാര്‍ട്ടിയായി സി.പി.എം മാറി. ബി.ജെ.പിയുടെ മറ്റൊരു ഫാഷിസ്റ്റ് പതിപ്പായി സി.പി.എം മാറി. അവരുടെ അംഗീകാരം നിലനിര്‍ത്തേണ്ടത് കോണ്‍ഗ്രസിന്റെ പണിയല്ലെന്നും സതീഷൻ പറഞ്ഞു.
 

Tags