'കീം' ആദ്യ ഓൺലൈൻ പ്രവേശന പരീക്ഷയ്ക്ക് ഇന്ന് തുടക്കം: മന്ത്രി ഡോ. ആർ. ബിന്ദു

Minister R Bindu

സംസ്ഥാനത്ത് ഈ വർഷം മുതൽ ഓൺലൈനായി നടത്തുന്ന ഗഋഅങ എഞ്ചിനീയറിംഗ്, ഫാർമസി പ്രവേശനപരീക്ഷകൾക്ക് ഇന്ന് തുടക്കമാകുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. വിവിധ കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുന്നത്.

ജൂൺ അഞ്ചു മുതൽ ഒൻപതു വരെ ഉച്ചയ്ക്ക് 2 മണി മുതൽ വൈകിട്ട് 5 മണി വരെയായിരിക്കും എഞ്ചിനീയറിംഗ് കോഴ്‌സിലേയ്ക്കുള്ള  പ്രവേശന പരീക്ഷ നടക്കുന്നത്. എഞ്ചിനീയറിംഗ്  പ്രവേശന പരീക്ഷയ്ക്കുള്ള വിദ്യാർത്ഥികളുടെ ബയോമെട്രിക് വിവര ശേഖരണവും രജിസ്‌ട്രേഷനും അന്നേ ദിവസം രാവിലെ 11.30 മുതൽ ഉച്ചക്ക് 1.30 വരെ നടക്കും.

 ഫാർമസി പരീക്ഷയ്ക്ക് മാത്രമുള്ള വിദ്യാർത്ഥികളുടെ  പ്രവേശന പരീക്ഷ പത്താം തീയതി  ഉച്ചയ്ക്ക് 03.30 മുതൽ 05.00 മണിവരെ ആയിരിക്കും. ഫാർമസി പരീക്ഷ എഴുതുന്നവരുടെ ബയോമെട്രിക് വിവര ശേഖരണവും രജിസ്‌ട്രേഷനും അന്നേദിവസം ഉച്ചയ്ക്ക്  ഒരു മണി മുതൽ മൂന്ന് മണിവരെ നടക്കും.

പരീക്ഷാർത്ഥികൾക്ക് ക്യാൻഡിഡേറ്റ് പോർട്ടലിൽ നിന്ന് പുതുക്കിയ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്‌തെടുക്കാം.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 130 സർക്കാർ/സ്വാശ്രയ/ സ്ഥാപനങ്ങളിലെ 198 പരീക്ഷാ കേന്ദ്രങ്ങളിലും, ഡൽഹിയിലെ രണ്ട് പരീക്ഷാകേന്ദ്രങ്ങളിലും, മുംബൈ, ദുബായ് എന്നിവിടങ്ങളിലെ ഓരോ കേന്ദ്രങ്ങളിലുമായാണ് പരീക്ഷ നടക്കുക. 1,13,447 (ഒരു ലക്ഷത്തി പതിമൂവായിരത്തി നാന്നൂറ്റി നാൽപ്പത്തി ഏഴ്) വിദ്യാർത്ഥികൾ പരീക്ഷയെഴുതും.

സംസ്ഥാനത്ത് ആദ്യമായാണ് ഇത്ര വിപുലമായ രീതിയിൽ ഓൺലൈൻ പരീക്ഷ നടത്തുന്നത്. ഒരു ദിവസം പരമാവധി 18,993 പേർക്ക് പരീക്ഷ എഴുതാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഒരു പരീക്ഷാ കേന്ദ്രത്തിൽ ഒരേ സമയം പരമാവധി 126 കുട്ടികൾക്ക് വരെ പരീക്ഷ എഴുതാം. പ്രവേശന പരീക്ഷ എഴുതുന്ന എല്ലാവർക്കും മന്ത്രി ഡോ. ആർ ബിന്ദു ആശംസകൾ നേർന്നു.

Tags