ശോഭാ സുരേന്ദ്രനെതിരെ ക്രിമിനല്‍ മാനനഷ്ടകേസ് ഫയല്‍ ചെയ്ത് കെ സി വേണുഗോപാല്‍

google news
KC Venugopal

ആലപ്പുഴ: എഐസിസി ജനറല്‍ സെക്രട്ടറിയും ആലപ്പുഴ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെ.സി. വേണുഗോപാല്‍ ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ വേണുഗോപാല്‍ നേരിട്ട് എത്തിയാണ് കേസ് ഫയല്‍ ചെയ്തത്. കെ.സി വേണുഗോപാലിനു വേണ്ടി അഡ്വക്കേറ്റ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഹാജരായി. യാതോരുവിധ തെളിവിന്റെയും പിന്‍ബലമില്ലാതെ ശോഭാ സുരേന്ദ്രന്‍ തുടര്‍ച്ചയായി കെ.സി വേണുഗോപാലിനെതിരെ ആരോപണം ഉന്നയിച്ചതിനെതിരായാണ് ക്രിമിനല്‍ നടപടി പ്രകാരം മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരിയ്ക്കുന്നത്.

ആരോപണം പിന്‍വലിച്ച് മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് ശോഭാ സുരേന്ദ്രന് നേരത്തെ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ നിശ്ചിത സമയപരിധി കഴിഞ്ഞിട്ടും മാപ്പ് പറയാത്ത സാഹചര്യത്തിലാണ് കേസ് ഫയല്‍ ചെയ്തത്. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് പൊതുമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്താനും തേജോവധം ചെയ്യാനുമുള്ള മനഃപ്പൂര്‍വ്വമായുള്ള ശ്രമത്തിനെതിരെ സിആര്‍പിസി വകുപ്പുകള്‍ പ്രകാരമാണ് കേസ് നല്‍കിയിരിയ്ക്കുന്നത്. സ്ഥാനാര്‍ത്ഥിയായ ഒരു വ്യക്തിയ്‌ക്കെതിരെ ഒരു കാരണവശാലും ഉന്നയിക്കാന്‍ പാടില്ലാത്ത സത്യവിരുദ്ധമായ കാര്യങ്ങളാണ് ഉന്നയിച്ചതെന്നും ഇതിനെതിരായി ശക്തമായ നിയമപോരാട്ടം നടത്തുമെന്നും മാത്യു കുഴല്‍നാടന്‍ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ സൗത്ത് പോലീസ് സ്‌റ്റേഷനില്‍ നേരത്തെ കെ.സി. വേണുഗോപാല്‍ ശോഭാ സുരേന്ദ്രന് എതിരായി ക്രിമിനല്‍ മാനനഷ്ടക്കേസും നല്‍കിയിരുന്നു.

Tags