കാട്ടാക്കടയിൽ മകൾക്ക് മുന്നിൽ വച്ച് അച്ഛനെ മർദ്ദിച്ച സംഭവം :പ്രത്യേക സംഘം അന്വേഷിക്കും
kattakkada

തിരുവനന്തപുരം : കാട്ടാക്കടയിൽ അച്ഛനെയും മകളെയും കെഎസ്ആർടിസി ജീവനക്കാർ ആക്രമിച്ച സംഭവത്തിൽ അന്വേഷണം പ്രത്യേക സംഘത്തിന്. കാട്ടാക്കട ഡിവൈഎസ്പി അനിലിന്റെ നേതൃത്വത്തിലുള്ള 9 അംഗ സംഘത്തിനാണ് അന്വേഷണ ചുമതല കൈമാറിയത്. പ്രതികൾക്കെതിരെ പട്ടികജാതി-പട്ടികവർഗ അതിക്രമം തടയൽ വകുപ്പ് കൂടി ചുമത്തുമെന്ന് പൊലീസ് അറിയിച്ചു. വിദ്യാർത്ഥി കൺസഷൻ തേടിയെത്തിയ അച്ഛനെയും മകളെയും ആക്രമിച്ച കേസിൽ പക്ഷേ പ്രതികളെ ആരെയും ഇതുവരെ അറസ്റ്റ് ചെയ്യാനായിട്ടില്ല. അക്രമത്തിന് ഇരയായ രേഷ്മയുടെയും സുഹൃത്തിന്റെയും മൊഴിയുടെ അടിസ്ഥാനത്തിൽ ഇന്നലെ പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയിരുന്നു. 

ആക്രമണ ദൃശ്യങ്ങളിൽ കണ്ട മെക്കാനിക് അജിക്കെതിരെയും ഇന്ന് അച്ചടക്ക നടപടി ഉണ്ടായേക്കും. ദൃശ്യങ്ങൾ പരിശോധിച്ച കെഎസ്ആർടിസി വിജിലൻസ് സംഘം അജിയെ തിരിച്ചറിഞ്ഞു. ഇയാൾക്കെതിരെ നടപടി ഇല്ലാത്തതിൽ വ്യാപക വിമർശനം ഉയർന്നിരുന്നു. ആഭ്യന്തര അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് ലഭിച്ചാലുടൻ കുറ്റക്കാർക്കെതിരെ കടുത്ത നടപടികളിലേക്ക് നീങ്ങാനാണ് മാനേജ്മെന്റിന്റെ ആലോചന.

സംഭവം ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. മർദ്ദനത്തിൽ അടിയന്തര റിപ്പോർട്ട് നൽകാൻ നേരത്തെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശിച്ചിരുന്നു. കാട്ടാക്കട സംഭവത്തിൽ ജീവനക്കാർക്ക് വീഴ്ച പറ്റിയെന്ന് വ്യക്തമാക്കി കെഎസ്ആർടിസി എംഡി, ബിജു പ്രഭാകർ ഇന്നലെ സ്റ്റാൻഡിംഗ് കൗൺസിലിന് റിപ്പോർട്ട് കൈമാറിയിരുന്നു. ആ റിപ്പോർട്ട് ഇന്ന് ഹൈക്കോടി പരിഗണിക്കും. 

മകൾ രേഷ്മയ്ക്കും  മകളുടെ സുഹൃത്തിനുമൊപ്പം കൺസഷൻ കാർഡ് പുതുക്കാൻ എത്തിയപ്പോഴാണ് ആമച്ചൽ സ്വദേശിയും പൂവച്ചൽ പഞ്ചായത്ത് ക്ലാർക്കുമായ പ്രേമനൻ ജീവനക്കാരുടെ മർദ്ദനത്തിന് ഇരയായത്. പുതിയ കൺസഷൻ കാർഡ് നൽകാൻ കോഴ്സ് സർട്ടിഫിക്കറ്റ് വേണമെന്ന് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു. മൂന്ന് മാസം മുമ്പ് കാർഡ് എടുത്തപ്പോൾ കോഴ്സ് സർട്ടിഫിക്കറ്റ് നൽകിയതാണെന്നും പുതുക്കാൻ ആവശ്യമില്ലെന്നും പ്രേമനൻ മറുപടി നൽകിയതോടെ വാക്കേറ്റമായി. വെറുതെയല്ല കെഎസ്ആർടിസി രക്ഷപെടാത്തതെന്ന് പ്രേമനൻ പറഞ്ഞതും ജീവനക്കാരെ ചൊടിപ്പിച്ചു. ഇതിന് പിന്നാലെയാണ് ജീവനക്കാർ  ചേർന്ന് പ്രേമനന്‍റെ കഴുത്തിന് കുത്തിപ്പിടിച്ച് തൊട്ടടുത്തുള്ള ഗ്രില്ലിട്ട വിശ്രമമുറിയിലേക്ക് തള്ളിയിട്ട് മര്‍ദ്ദിച്ചത്.

Share this story