സർക്കാർ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി ; ഡിവൈഎഫ്‌ഐ മുന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി അംഗം പിടിയിൽ
കാസര്‍കോട്: ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത ഡിവൈഎഫ്‌ഐ മുന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി അംഗം സച്ചിത റൈയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാനഗര്‍ പൊലീസാണ് സച്ചിതയെ കസ്റ്റഡിയിലെടുത്തത്. നിലവില്‍ വിവിധ സ്റ്റേഷനുകളിലായി 11 കേസുകളാണ് സച്ചിതക്കെതിരെയുള്ളത്.
ചുരുങ്ങിയത് മൂന്ന് കോടി രൂപയെങ്കിലും വിവിധ സ്‌കൂളുകളില്‍ നിന്ന് ഇത്തരത്തില്‍ ജോലി വാഗ്ദാനം ചെയ്ത് സച്ചിത തട്ടിയെടുത്തിട്ടുണ്ടാകുമെന്നാണ് പരാതിക്കാരുടെ ആരോപണം. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ അസിസ്റ്റന്റ് മാനേജര്‍, കര്‍ണാടക എക്‌സൈസില്‍ ക്ലര്‍ക്ക്, എസ്ബിഐ ബാങ്കില്‍ ഉദ്യോഗം, കേന്ദ്രീയ വിദ്യാലയത്തില്‍ ജോലി എന്നിങ്ങനെ വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്.
മഞ്ചേശ്വരം ബാഡൂരിലെ സ്‌കൂള്‍ അദ്ധ്യാപികയായ സച്ചിത റൈ ഡിവൈഎഫ്‌ഐ നേതാവെന്ന നിലയില്‍ ഉണ്ടായിരുന്ന വിശ്വാസ്യത ഉപയോഗിച്ചാണ് പണം തട്ടിയെടുത്തത്. ഒരു ലക്ഷം മുതല്‍ 15 ലക്ഷം രൂപ വരെയാണ് വിവിധയാളുകളില്‍ നിന്ന് വാങ്ങിയെടുത്തെന്നാണ് പരാതി.
കര്‍ണാടക എക്‌സൈസില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് ബാഡൂര്‍ സ്വദേശി മലേഷില്‍ നിന്ന് ഒരു ലക്ഷം രൂപയാണ് തട്ടിയെടുത്തത്. കേസുകളില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സച്ചിത റൈ കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചെങ്കിലും ലഭിച്ചിരുന്നില്ല. എന്നിട്ടും പൊലീസ് അറസ്റ്റ് ചെയ്തിരുന്നില്ല. ഇന്ന് കീഴടങ്ങാനെത്തിയപ്പോഴാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.