കരുനാഗപ്പള്ളി പൊലീസിനെതിരായ നടപടിയില്‍ പ്രതിഷേധം കടുപ്പിച്ച് പൊലീസ് സംഘടന, ഇന്ന് അടിയന്തര യോഗം

google news
karunagapally


തിരുവനന്തപുരം : കരുനാഗപ്പള്ളി പൊലിസിനെതിരായ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധം കടുപ്പിച്ച് പൊലീസ് സംഘടനകള്‍. പൊലിസ് ഓഫിസേഴ്സ് അസോസിയേഷന്‍ കൊച്ചിയില്‍ ഇന്ന് അടിയന്തര യോഗം വിളിച്ചു.കൊല്ലത്ത് അഭിഭാഷകനെ മര്‍ദ്ദിച്ച കേസില്‍ നാല് പൊലീസുകാരെ ഇന്നലെ സസ്പെന്‍ഡ് ചെയ്തിരുന്നു . കരുനാഗപ്പളളി എസ്എച്ച്ഒ, എസ് ഐ ഉള്‍പ്പെടെ നാല് പേരെയാണ് സസ്പെന്‍ഡ് ചെയ്തത്. മദ്യപിച്ച് കസ്റ്റഡിയില്‍ എടുത്ത അഭിഭാഷകനെ മര്‍ദ്ദിച്ചു വെന്ന പരാതിയിലാണ് സസ്പെന്‍ഷന്‍. ഡിഐജിയുടെ അന്വേഷണ റിപോര്‍ട്ട് തള്ളിയാണ് സസ്പെന്‍ഷന്‍. അഭിഭാഷകനെ കസ്റ്റഡിയിലെടുക്കുമ്പോള്‍ സ്ഥലത്തില്ലാതിരുന്ന എസ്എച്ച്ഒ ഗോപകുമാറിനെയും സസ്പെന്‍സ് ചെയ്തു. പൊലീസ് ഉദ്യോഗസ്ഥര്‍ തെറ്റു ചെയ്തിട്ടില്ലെന്നായിരുന്നു അന്വേഷണ റിപ്പോര്‍ട്ട്. നടപടിക്കെതിരെ പൊലീസില്‍ ശക്തമായ എതിര്‍പ്പുയര്‍ന്നു. എസ്എച്ച്ഒ ഗോപകുമാര്‍, എസ്ഐ അലോഷ്യസ് അലക്സാണ്ടര്‍, ഗ്രേഡ് ഫിലിപ്പോസ്, സീനിയര്‍ പൊലിസ് ഓഫീസര്‍ അനൂപ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് സസ്പെന്റ് ചെയ്തത്. സസ്പെന്‍ഷനെ ഡിജിപിയും എതിര്‍ത്തിരുന്നു. ഐപിഎസ് അസോസിയേഷനും നടപടിയെ എതിര്‍ത്തിരുന്നു.

കരുനാഗപ്പള്ളിയില്‍ അഭിഭാഷകരും പൊലീസും തമ്മിലുണ്ടായ തര്‍ക്കത്തില്‍ വഴിത്തിരിവായി ആശുപത്രി രേഖകള്‍ പുറത്തുവന്നിരുന്നു. വാഹനാപകടം ഉണ്ടാക്കിയതിന് പൊലീസ് കസ്റ്റഡിയിലെടുത്ത അഭിഭാഷകന്‍ ജയകുമാര്‍ മദ്യപിച്ചിരുന്നതായി മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. മദ്യപിച്ചോ എന്ന് കണ്ടെത്താന്‍ പൊലീസ് ആശുപത്രിയിലെത്തിച്ചപ്പോള്‍, അവിടെയും അഭിഭാഷകന്‍ അക്രമ സ്വഭാവം കാണിച്ചെന്ന് വ്യക്തമാക്കുന്ന ആശുപത്രി രേഖകളും പുറത്തു വന്നു. ആശുപത്രിയില്‍ വച്ച് അഡ്വ. ജയകുമാര്‍ പൊലീസുകാരെയും ആശുപത്രി ജീവനക്കാരെയും ചവിട്ടിയെന്നാണ് ഡോക്ടറുടെ റിപ്പോര്‍ട്ട്. വാഹനാപകടവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ജയകുമാറിനെ കരുനാഗപ്പള്ളി എസ്എച്ച്ഒയുടെ നേതൃത്വത്തില്‍ പൊലീസ് മര്‍ദ്ദിച്ചുവെന്നായിരുന്നു അഭിഭാഷകരുടെ ആരോപണം.

കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന കമ്മറ്റി പ്രസ്താവന

5/9/2022 തീയതി മദ്യപിച്ച് അക്രമാസക്തനായി പെരുമാറിയ അഭിഭാഷകനെ സംബന്ധിച്ച് പൊതുജനങ്ങള്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കരുനാഗപ്പള്ളി പോലീസ് സ്ഥലത്തെത്തി നിയമ നടപടികള്‍ സ്വീകരിച്ചിരുന്നു. ഇത്തരത്തില്‍ നിയമാനുസരണ നടപടി സ്വീകരിച്ച പോലീസ് ഉദ്യോഗസ്ഥന്മാരെ സസ്പെന്റ് ചെയ്ത് ഉത്തരവ് ഇറക്കിയിരിക്കുകയാണ്.
മദ്യാസക്തിയില്‍ പൊതുജനങ്ങള്‍ക്ക് ശല്യമായി മാറിയ ഒരാളെ കസ്റ്റഡിയിലെടുത്ത് നിയമാനുസരണമായ നടപടികള്‍ സ്വീകരിച്ച പോലീസ് ഉദ്യോഗസ്ഥന്മാരെ അന്യായമായി സസ്പെന്റ് ചെയ്ത നടപടി ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയുന്നതല്ല. ഇത് സംസ്ഥാന പോലീസ് സേനയുടെ തന്നെ ആത്മവീര്യം ചോര്‍ത്തുന്ന നടപടിയാണ്.
കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ ഇക്കാര്യത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.


 

Tags