ചെറുവള്ളങ്ങളുടെ ആവേശക്കാഴ്ച്ച : കരുമാടി ജലോത്സവം 7ന്
karumadi jalolsavam

അമ്പലപ്പുഴ: ചെറുവള്ളങ്ങളുടെ ആവേശത്തുഴച്ചിലിന്റെ കാഴ്ചയൊരുക്കുന്ന കരുമാടി ജലോത്സവം ഞായറാഴ്ച രണ്ടിനു കരുമാടിക്കുട്ടന്‍ മണ്ഡപത്തിനുസമീപം നടക്കും.

അമ്പലപ്പുഴ തെക്ക് ഗ്രാമപ്പഞ്ചായത്ത്, കരുമാടിക്കുട്ടന്‍സ്, കരുമാടി ജലോത്സവസമിതി എന്നിവരാണു സംഘാടകര്‍. എ.എം. ആരിഫ് എം.പി. ഉദ്ഘാടനം ചെയ്യും.

മൂലം ജലോത്സവജേതാക്കളായ ചമ്പക്കുളം ചുണ്ടനും കേരള പോലീസ് ബോട്ട് ക്ലബ്ബിനും സ്വീകരണം നല്‍കും. ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, 14 എന്നീപ്രകാരമുള്ള തുഴവള്ളങ്ങളും ഫൈബര്‍ ചുണ്ടന്‍, ഫൈബര്‍ വെപ്പ്, തെക്കനോടി വള്ളങ്ങളും മത്സരിക്കും. കേരള പോലീസ് ബോട്ട് ക്ലബ്ബ് ചമ്പക്കുളം ചുണ്ടനില്‍ പ്രദര്‍ശനത്തുഴച്ചില്‍ നടത്തും.

ജില്ലയിലെ പ്രധാന ടൂറിസ്റ്റുകേന്ദ്രങ്ങളിലൊന്നായ കരുമാടിക്കുട്ടന്‍ മണ്ഡപത്തിന്റെ കടവില്‍ നടക്കുന്ന ജലോത്സവത്തിന് ടൂറിസം ഗ്രാന്റ് അനുവദിച്ചുതരണമെന്ന് ജലോത്സവസമിതി ആവശ്യപ്പെട്ടു.

ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. രമേശന്‍, ബ്ലോക്ക് പഞ്ചായത്തംഗം ആര്‍. ജയരാജ്, സമിതിയംഗങ്ങായ പി. പ്രദീപ് കുമാര്‍, ഷാജി കരുമാടി, അനിഷ് പത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.

Share this story