കരമന കൊലപാതകം: പ്രതികള്‍ക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കിയേക്കും

google news
karamana

കരമന അഖില്‍ കൊലപാതകത്തില്‍ പ്രതികള്‍ക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കിയേക്കും. പ്രതികളെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യലും തെളിവെടുപ്പും പൂര്‍ത്തിയാക്കാനാണ് പൊലീസിന്റെ നീക്കം. കേസിലെ മുഴുവന്‍ പ്രതികളെയും കോടതി കഴിഞ്ഞ ദിവസം റിമാന്‍ഡ് ചെയ്തിരുന്നു. 14 ദിവസത്തേക്കാണ് പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.

കൊലപാതകവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയ അരുണ്‍ ബാബു, അഭിലാഷ് എന്നിവരെയാണ് പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ അരുണ്‍ ബാബുവിന്റെ വീട്ടില്‍വെച്ചാണ് സംഘം ഗൂഢാലോചന നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തല്‍. അരുണിനൊപ്പം അറസ്റ്റിലായ അഭിലാഷിനും ഗൂഢാലോചനയില്‍ പങ്കുണ്ട്. കൃത്യത്തില്‍ നേരിട്ട് പങ്കാളികളായ മൂന്നുപേര്‍ ഉള്‍പ്പെടെ എട്ടുപേരാണ് പ്രതി പട്ടികയില്‍ ഉള്ളത്.

അഖിലിനെ കൊലപ്പെടുത്തിയത് ആസൂത്രിതമായാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ക്രൂര കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. 2019 ല്‍ കരമനയിലെ അനന്തുവിനെയും സമാനമായ രീതിയിലാണ് പ്രതികള്‍ കൊലപ്പെടുത്തിയത്.

Tags