കാരക്കോണം മെഡിക്കല്‍ കോളേജ് കോഴക്കേസ്: ഇ.ഡി കുറ്റപത്രം സമര്‍പ്പിച്ചു

google news
karakonam

കൊച്ചി: കാരക്കോണം മെഡിക്കൽ കോളേജ് കോഴക്കേസിൽ ഇഡി കുറ്റപ്പത്രം സമർപ്പിച്ചു. സി എസ് ഐ സഭാ മുൻ മോഡറേറ്റർ ബിഷപ്പ് ധർമ്മരാജ് രസാലം അടക്കം നാല് പേരെ പ്രതികളാക്കിയാണ് കുറ്റപ്പത്രം സമർപ്പിച്ചിരിക്കുന്നത്. മെഡിക്കൽ കോളജ് ഡയറക്ടർ ഡോ. ബെനറ്റ് എബ്രഹാം, സഭാ മുൻ സെക്രട്ടറി ടി ടി പ്രവീൺ എന്നിവരും പ്രതികളാണ്. മെഡിക്കല്‍ പ്രവേശനത്തിനായി കോഴവാങ്ങിയെന്നും വിദേശനാണയ ചട്ടങ്ങൾ ലംഘിച്ച് കള്ളപ്പണം വെളുപ്പിച്ചതടക്കമുള്ള കേസുകളിലാണ് ഇഡി അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. കലൂരിലെ പി.എം.എൽ.എ. കോടതിയിലാണ് ഇ.ഡി. കുറ്റപത്രം സമർപ്പിച്ചത്.

കാരക്കോണം മെഡിക്കൽ കോളേജിൽ കോഴ വാങ്ങി കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിൽ മെഡിക്കൽ കോളേജ് ഡയറക്ടർ ബെനറ്റ് എബ്രഹാമിനെയും സി എസ് ഐ സഭ സെക്രട്ടറി ടി.ടി. പ്രവീണിനെയും ഇൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേരത്തെ പലതവണ ചോദ്യം ചെയ്തിരുന്നു. കൊച്ചി ഇഡി ഓഫീസിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ഇവരെ ചോദ്യം ചെയ്തത്. 

ബിഷപ്പിന്റെ ആസ്ഥാനത്തും കാരക്കോണം മെഡിക്കൽ കോളേജിലും ബെന്നറ്റ് എബ്രഹാമിന്റെ വീട്ടിലടക്കം ഇഡി റെയ്ഡും നടത്തിയിരുന്നു. നേരത്തെ ബിഷപ്പിനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം ഹൈക്കോടതി റദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം എൻഫോസിമെന്റ് ഡയറക്ടറേറ്റ് ഏറ്റെടുത്തത്.