കണ്ണൂര്‍ സര്‍വകലാശാല ചോദ്യപേപ്പര്‍ വീഴ്ച ; റിപ്പോര്‍ട്ട് തേടി വൈസ് ചാന്‍സലര്‍
kannuruniversity

കണ്ണൂര്‍ സര്‍വകലാശാലയിലെ ചോദ്യപേപ്പര്‍ വീഴ്ചയില്‍ റിപ്പോര്‍ട്ട് തേടി വൈസ് ചാന്‍സലര്‍. പരീക്ഷാ കണ്‍ട്രോളറോടാണ് വൈസ് ചാന്‍സലര്‍ റിപ്പോര്‍ട്ട് തേടിയത്. സൈക്കോളജി ബിരുദ പരീക്ഷകളില്‍ 2020 തിലെ അതേ ചോദ്യപേപ്പര്‍ ഇത്തവണയും ആവര്‍ത്തിക്കുകയായിരുന്നു. മൂന്നാം സെമസ്റ്റര്‍ സൈക്കോളജി പരീക്ഷകളുടെ ചോദ്യപേപ്പറുകളാണ് ആവര്‍ത്തിച്ചത്. ഇന്നലെയും ഇന്നും നടന്ന പരീക്ഷകള്‍ക്കാണ് 2020 ലെ ചോദ്യപേപ്പര്‍ ഉപയോഗിച്ചത്.

ചോദ്യപ്പേപ്പര്‍ ആവര്‍ത്തിച്ച സംഭവത്തിലെ വീഴ്ച സമ്മതിച്ച സര്‍വകലാശാല വൈസ് ചാന്‍സിലര്‍, കഴിഞ്ഞ രണ്ട് പരീക്ഷകളും റദ്ദാക്കിയതായി അറിയിച്ചു. ചോദ്യപ്പേപ്പര്‍ ആവര്‍ത്തിച്ച സംഭവം പഠിക്കാന്‍ അന്വേഷണ കമ്മീഷനെയും നിയോഗിച്ചതായി സര്‍വകലാശാല അറിയിച്ചു. അടുത്ത ദിവസങ്ങളില്‍ നടക്കാനുള്ള പരീക്ഷകളുടെ ചോദ്യപ്പേപ്പറുകളും ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്ന ആരോപണം ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ ഈ വിഷയത്തില്‍ ഇനി നടക്കാനുള്ള പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന ആവശ്യവും ഒരു വിഭാഗം ഉയര്‍ത്തിയിട്ടുണ്ട്. ഇക്കാര്യമാവശ്യപ്പെട്ട് സെനറ്റ് അംഗം ഡോ.ആര്‍.കെ.ബിജു വൈസ് ചാന്‍സിലര്‍ക്ക് കത്ത് നല്‍കി. വിഷയത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ വിദ്യാര്‍ത്ഥി യൂണിയനുകള്‍ സര്‍വകലാശാലയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്.

Share this story