തങ്ങളറിയാതെ ഒരു ഈച്ച പോലും പാറില്ലെന്ന് പറഞ്ഞ പാര്‍ട്ടി ​ഗ്രാമത്തെ മുൾ മുനയിൽ നിർത്തി രേഷ്മ ടീച്ചര്‍ : കണ്ണൂരിൽ ഒരു പെണ്ണ് ഒളിപ്പിച്ച്‌ താമസിപ്പിച്ചത് സഖാവിനെ കൊന്നവനെ...
punnol1

കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകൻ പുന്നോൽ ഹരിദാസനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതിയെ പാര്‍ട്ടി ​ഗ്രാമത്തില്‍ തന്നെ ആരുമറിയാതെ ഒരു യുവതി ഒളിപ്പിച്ച്‌ താമസിപ്പിച്ചു എന്നത് കണ്ണൂരിലെ സിപിഎമ്മിന് വലിയ നാണക്കേടായിരിക്കുകയാണ്. തങ്ങളറിയാതെ ഒരു ഈച്ചപോലും പാറില്ലെന്ന് വീമ്പു പറയുന്ന പാര്‍ട്ടി ​ഗ്രാമം ഇതിനോടകം തന്നെ നാണിച്ച് തല താഴ്ത്തി നിക്കേണ്ടുന്ന അവസ്ഥയിലാണിപ്പോൾ. മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന് ഇരുന്നൂറ് മീറ്റര്‍ ചുറ്റളവിലായിരുന്നു പുന്നോല്‍ ഹരിദാസന്‍ വധക്കേസിലെ പ്രതിയായ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ നിജില്‍ ദാസ് ഒളിവില്‍ കഴിഞ്ഞിരുന്നത് എന്ന കാര്യം പൊലീസിനെക്കാള്‍ നാണക്കേടായിരിക്കുന്നത് സിപിഎമ്മിനാണ്.

അതുകൊണ്ടാണ് രേഷ്മയുടെ വീട് രാത്രി തന്നെ അടിച്ച്‌ തകര്‍ത്തത്. ആണുങ്ങളുടെ ആരുടെയും സഹായമില്ലാതെ നിജില്‍ ദാസിന് സംരക്ഷണമൊരുക്കിയ രേഷ്മയുടെ വീടിന് നേരേ കഴിഞ്ഞ രാത്രിയിലാണ് ആക്രമണമുണ്ടായത്. സദാസമയവും പൊലീസിന്റെയും പാര്‍ട്ടിക്കാരുടെയും നിരീക്ഷണത്തിലുള്ള സ്ഥലത്ത് ഒരു കൊലക്കേസ് പ്രതി ഒളിവില്‍ കഴിഞ്ഞത് രാഷ്ട്രീയ നേതൃത്വത്തെയും പൊലീസിനെയും ഒരു പോലെ ഞെട്ടിച്ചിരിക്കുകയാണ്.

അധ്യാപിക കൂടിയായ വീട്ടുടമസ്ഥ പി.എം.രേഷ്മയെയും(42) അറസ്റ്റ് ചെയ്തതിന് പിന്നാലെ ശക്തമായ പ്രതിഷേധം കത്തിപ്പടരുകയാണ്. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണ് ഈ വീടിനു നേരെ ബോംബേറുണ്ടായത്. മുന്‍വശത്തെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. വീടിനു ചുറ്റുമുള്ള മുഴുവന്‍ ജനല്‍ച്ചില്ലുകളും അടിച്ചു തകര്‍ത്ത ശേഷം രണ്ട് ബോംബുകള്‍ എറിഞ്ഞതായി പൊലീസ് പറഞ്ഞു. വീടിനു പുറത്തുണ്ടായിരുന്ന രണ്ട് കസേരകള്‍ കിണറ്റിലെറിഞ്ഞു.

"എന്തും നേരിടാന്‍ താൻ തയ്യാറാണ്" എന്ന നിലപാടിൽ ഉറച്ചുതന്നെയെന്നാണ് പുന്നോല്‍ ഹരിദാസന്‍ വധക്കേസിലെ പ്രതിയായ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ നിജില്‍ ദാസിന് ഒളിച്ചുതാമസിക്കാന്‍ പി എം രേഷ്മ സൗകര്യമൊരുക്കിയത് എന്നാണ് പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി ​ഗ്രാമത്തില്‍ കൊലക്കേസ് പ്രതിയായ സുഹൃത്തിനെ
തന്റെ വീട്ടില്‍ താമസിപ്പിക്കുമ്പോള്‍ പിടിക്കപ്പെട്ടാലുണ്ടാകാവുന്ന ഭവിഷ്യത്തുകളെ കുറിച്ചും അതിനെ എങ്ങനെ നേരിടേണ്ടിവരുമെന്നും കൃത്യമായ ബോധ്യം പുന്നോല്‍ അമൃത വിദ്യാലയം അധ്യാപികയായ രേഷ്മക്ക് നല്ല പോലെ ഉണ്ടായിരുന്നു. അത് അനുസരിച്ചായിരുന്നു രേഷ്മ ഇത് വരെയും കരുക്കൾ നീക്കിയിരുന്നത്.

പ്രവാസിയായ പാലയാട് അണ്ടലൂര്‍ ശ്രീനന്ദനത്തില്‍ പ്രശാന്തിന്റെ ഭാര്യയാണ് പി.എം. രേഷ്മ എന്ന 42കാരി. പിണറായി പാണ്ട്യാലമുക്കിലുള്ള രയരോത്ത് പൊയില്‍ "മയില്‍പ്പീലി" എന്ന വീട് ഇവര്‍ അടുത്ത കാലത്ത് പണികഴിപ്പിച്ചതാണ്. ഇവിടെ നിലവില്‍ ആള്‍താമസം ഉണ്ടായിരുന്നില്ല. എന്നാല്‍, യുവതി ഇവിടെ പതിവായി വന്നുപോകാറുണ്ടായിരുന്നു. ഇതില്‍ നാട്ടുകാര്‍ക്കോ അയല്‍വാസികള്‍ക്കോ സംശയവും തോന്നിയിരുന്നില്ല. അത് ചിലപ്പോൾ വീട് വൃത്തിയാക്കാൻ ആണെന്ന് കരുതിയാകാം.

കൃത്യമായി പറഞ്ഞാൽ ഈ മാസം 17 മുതലാണ് നിജില്‍ദാസിന്‌ രേഷ്‌മ ഒളി സങ്കേതത്തിനുള്ള സൗകര്യമൊരുക്കിയത്. ഭക്ഷണമടക്കം പാകം ചെയ്‌ത് എത്തിച്ചതായും വിവരമുണ്ട്. അധ്യാപിക പലപ്പോഴും ഈ വീട്ടില്‍ വരുന്നത്‌ കണ്ടതായി പ്രദേശവാസികള്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. വര്‍ഷങ്ങളായി വളരെ അടുത്ത ബന്ധമുള്ളവരാണ്‌ ഇവരെന്ന്‌ പൊലീസ്‌ പറഞ്ഞു.പുന്നോല്‍ അമൃത വിദ്യാലയത്തിലേക്ക്‌ നിജില്‍ദാസിന്റെ ഓട്ടോറിക്ഷയിലായിരുന്നു മിക്കദിവസവും രേഷ്‌മ എത്തിയത്‌. ബസ്‌ സ്‌റ്റോപ്പില്‍നിന്ന്‌ സ്‌കൂളിലും തിരിച്ചും എത്തിക്കാന്‍ കൃത്യസമയത്ത്‌ നിജില്‍ദാസ്‌ എത്തുമായിരുന്നു. ഇത് ഇവര്‍ തമ്മിലുള്ള ബന്ധത്തെ ഊട്ടി ഉറപ്പിച്ചു. ഫോണ്‍ സംഭാഷണത്തിലെ വിവരങ്ങൾ ആണ് ഇതിന് ആദാരം.
മുഴുവന്‍ തെളിവും ശേഖരിച്ച ശേഷമാണ്‌ പൊലീസ്‌ രേഷ്മയുടെ അറസ്‌റ്റ്‌ രേഖപ്പെടുത്തിയത്‌.

വെള്ളിയാഴ്ച പുലര്‍ച്ചെ 3.30നാണ് പ്രതിയെ പിടികൂടിയത്. രണ്ട് മാസമായി പ്രതി ഒളിവിലായിരുന്നു. രേഷ്മ വഴിയാണു വീട്ടില്‍ താമസിക്കാന്‍ നിജിലിന് അവസരം ലഭിച്ചതെന്നു പൊലീസ് പറഞ്ഞു. ഇവരുടെ ബന്ധത്തിന്റെ ആഴവും അടുപ്പവും വെളിപ്പെടുത്തുന്നതാണ്‌ ഫോണ്‍ സംഭാഷണത്തിലെ വിവരങ്ങളും മറ്റുമെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ ഫെബ്രുവരി 21ന് ആണു ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ 14ാം പ്രതിയാണു നിജിൽ. കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റിലാകാനുണ്ട്. ഫെബ്രുവരി 21 തിങ്കളാഴ്ച പുലര്‍ച്ചെയാണ് തലശ്ശേരി പുന്നോല്‍ സ്വദേശി ഹരിദാസിനെ 2 ബൈക്കുകളിലായി എത്തിയ നാലംഗസംഘം വെട്ടിക്കൊലപ്പെടുത്തിയത്. സ്വന്തം വീടിന് മുന്നില്‍ വച്ച്‌ ഇരുപതോളം വെട്ടേറ്റ ഹരിദാസ് ആശുപത്രിയില്‍ എത്തുന്നതിന് മുമ്പേ മരിച്ചു.

കൊലപാതകത്തിന് പിന്നാലെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇരുപതോളം വെട്ടേറ്റാണ് ഹരിദാസന്‍ കൊല്ലപ്പെട്ടതെന്നായിരു്‌നനു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കൊല നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഗൂഢാലോചനയില്‍ പങ്കെടുത്ത ബിജെപി വാര്‍ഡ് കൗണ്‍സിലര്‍ ലിജേഷ് അടക്കമുള്ള പ്രതികളെ കസ്റ്റഡിയില്‍ എടുത്തു. സിറ്റി പൊലീസ് കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ ജില്ലയില്‍ കൊലയാളികള്‍ക്കായി പരിശോധന ശക്തമാക്കി. അടുത്ത ദിവസം തന്നെ ഗൂഢാലോചനയില്‍ പങ്കെടുത്ത 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരയോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് അക്രമത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കിയെങ്കിലും പിന്നെ അന്വേഷണം തണുപ്പന്‍ മട്ടിലായിരുന്നു. ആദ്യഘട്ടത്തില്‍ ഉണ്ടായ ആവേശം പൊലീസിന് ഇല്ലാതായി.

കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ടതെന്ന് സംശയിക്കുന്ന നിജില്‍ ദാസിനെ കസ്റ്റഡിയിലെടുത്തെങ്കിലും ചോദ്യം ചെയ്തതിന് ശേഷം വിട്ടയച്ചു.. ഇതിനിടെ ലിജേഷിന്റെ ബന്ധുവായ പൊലീസുകാരനിലേക്കും അന്വേഷണം നീണ്ടു. ആത്മജന്‍ എന്നയാളുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് ഹരിദാസനെ കൊലപ്പെടുത്തിയതെന്ന് സിപിഎം കേന്ദ്രങ്ങള്‍ ആരോപിക്കുന്നുവെങ്കിലും ഈ വാദം പൊലീസ് തള്ളിക്കളയുകയാണ്.

Share this story