വാക്കുപാലിച്ച് സുരേഷ് ഗോപി : ആസാം സ്വദേശിനി മുൻമിക്ക് വീടായി
suresh

ഇരിട്ടി : ആസാം സ്വദേശിനി മുൻമി ഗൊഗോയ്ക്ക് സുരേഷ് ഗോപി എം പി യുടെ കൈത്താങ്ങിൽ നിർമ്മിച്ച  വീടിൻ്റെ താക്കോൽ കൈമാറി. ബുധനാഴ്ച രാവിലെ ഏഴരയോടെ മുൻമിക്കായി  തില്ലങ്കേരിയിലെ കാർക്കോട് നിർമ്മിച്ച വീട്ടിലെത്തിയ സുരേഷ്ഗോപിയാണ് താക്കോൽ ദാനകർമ്മം നിർവഹിച്ചത്. 

 കഴിഞ്ഞ തൃതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ  ഇരിട്ടി മുനിസിപ്പാലിറ്റിയിൽ ബി ജെ പി സ്ഥാനാർത്ഥിയായിരുന്നു പയഞ്ചേരി സ്വദേശിയായ കെ.എൻ. സജേഷിന്റെ ഭാര്യയായ മുൻമി. സ്വന്തമായി വീടില്ലാതെ രണ്ടു പെണ്മക്കൾക്കൊപ്പം  വാടക വീട്ടിൽ കഴിയുകയായിരുന്ന ആസ്സാം സ്വദേശിനി മുൻമിയെ കുറിച്ചുള്ള വാർത്ത സുരേഷ് ഗോപിയുടെ ശ്രദ്ധയിൽ പെടുകയും  ഇതേ തുടർന്ന് വീടു നിർമ്മിക്കാൻ ആവശ്യമായ തുക അദ്ദേഹം വാഗ്ദാനം ചെയ്യുകയുമായിരുന്നു. 

തില്ലങ്കേരി കാർക്കോട് ജീവകാരുണ്യ പ്രവർത്തകനായ  ഡോ. പി. സലിം നൽകിയ സ്ഥലത്താണ് വീട് പണിതിരിക്കുന്നത്. ചടങ്ങിൽ ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി, സംസ്ഥാന സിക്രട്ടറി കെ. രഞ്ജിത്ത്, ജില്ലാ ജനറൽ സിക്രട്ടറിമാരായ എം.ആർ. സുരേഷ്, ബിജു എളക്കുഴി, ഇരിട്ടി മണ്ഡലം പ്രസിഡന്റ് സത്യൻ കൊമ്മേരി, മട്ടന്നൂർ മണ്ഡലം പ്രസിഡന്റ്  ജിതിൻ കൂടാളി, പി.എസ് പ്രകാശ്, ഹരിഹരൻ മാവില, മുൻമിക്ക് വീട് വെക്കാനായി സ്ഥലം സൗജന്യമായി നൽകിയ ഡോ .പി. സലിം  എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 

ശില്പകലാ വിദഗ്ദൻ ജോജു പുന്നാട് നിർമ്മിച്ച മനോഹരമായ ജീവൻ തുടിക്കുന്ന മുത്തപ്പ ശിൽപ്പം ഉപഹാരമായി  അദ്ദേഹം ഇവിടെ വെച്ച് സുരേഷ് ഗോപിക്ക് കൈമാറി. 

Share this story