കണ്ണൂര്‍ സര്‍വകലാസെനറ്റ് അംഗങ്ങളുടെ നോമിനേഷന്‍ കോണ്‍ഗ്രസ്- ആര്‍എസ്എസ് ബന്ധത്തിന്റെ തെളിവെന്ന് ടി.വി രാജേഷ്

google news
Kannur univercity members nomination is proof of Congress RSS nexus  says TV Rajesh

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലാ സെനറ്റിലെ നാമനിര്‍ദേശം ആര്‍എസ്എസ്-  കോണ്‍ഗ്രസ് ഒത്തുകളിയുടെ തെളിവാണെന്ന് സിപിഐ എം ജില്ലാ ആക്ടിങ് സെക്രട്ടറി ടി വി രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിവിധ മേഖലകളിലെ പ്രഗത്ഭരെയുള്‍പ്പെടുത്തി വൈസ്ചാന്‍സലര്‍  നല്‍കിയ പട്ടികയിലെ രണ്ട് പേരെയൊഴികെ മറ്റുള്ളവരെ തള്ളി ചാന്‍സലര്‍ നിയമനം നല്‍കിയവരില്‍ ഏഴ് കോണ്‍ഗ്രസുകാരും ആറ് ആര്‍എസ്എസ്സുകാരുമാണുള്ളത്. 

സര്‍വകലാശാലാകളെ കാവിവല്‍ക്കരിക്കാന്‍ പ്രവര്‍ത്തിക്കുന്ന ഗവര്‍ണര്‍ക്ക് ഡിസിസി ജനറല്‍ സെക്രട്ടറി, കോണ്‍ഗ്രസ് അധ്യാപക സംഘടനാ നേതാവ്, കെഎസ്യു നേതാവ് തുടങ്ങിയവരുടെ ലിസ്റ്റ് എങ്ങിനെ  ലഭിച്ചുവെന്ന് വ്യക്തമാക്കാന്‍  കെപസിസി പ്രസിഡന്റ് കെ സുധാകരനും കോണ്‍ഗ്രസ് നേതൃത്വവും തയ്യാറാകണം.  സര്‍വകലാശാല നല്‍കിയ പാനല്‍ അട്ടിമറിച്ച് ചാന്‍സലര്‍ നിര്‍ദേശിച്ചവരുടെ യോഗ്യത   ബിജെപി -കോണ്‍ഗ്രസ്  ബന്ധം മാത്രമാണ്. 

മാധ്യമ മേഖലയില്‍നിന്ന് രാജ്യാന്തര പ്രശസ്തരായ ശശികുമാര്‍, വെങ്കടേഷ് രാമകൃഷ്ണന്‍, കൃഷ്ണദാസ്  എന്നിവരുടെ പേര് സര്‍വകലാശാല നല്‍കിയപ്പോള്‍ അവരെ ഒഴിവാക്കി കണ്ണൂരിലെ  ജന്മഭൂമി ലേഖകനെയാണ് ഉള്‍പ്പെടുത്തിയത്.  

അഭിഭാഷക വിഭാഗത്തില്‍ ഡിസിസി ജനറല്‍ സെകട്ടറി ഇ ആര്‍ വിനോദ്,  ആര്‍എസ്എസ് നേതാവ്  കെ കരുണാകരന്‍ നമ്പ്യാര്‍ എന്നിവരെയാണ് ഉള്‍പ്പെടുത്തിയത്. ധ്യാന്‍ചന്ദ് പുരസ്‌കാരം ഉള്‍പ്പെടെ നേടിയ രാജ്യാന്തര താരം കെ സി ലേഖയെ സര്‍വകലാശാല നിര്‍ദേശിച്ചപ്പോള്‍  മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറിയും നിലവില്‍ ഡിസിസി നിര്‍വാഹകസമിതിയംഗവുമായ ബിജു ഉമ്മറിനെയാണ് ഗവര്‍ണര്‍ നിര്‍ദേശിച്ചത്. 

പട്ടികയില്‍ ഇടംപിടിച്ച കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും കെ സുധാകരന്റെ ഉറ്റ അനുയായികളാണ്.  പട്ടിക കൈമാറിയത് കോണ്‍ഗ്രസിലെ സംഘി നേതാവായ സുധാകരനാണെന്നാണ് വ്യക്തമാകുന്നത്. പട്ടിക കൈമാറിയില്ലെന്ന് പറയുന്ന കോണ്‍ഗ്രസ് നേതൃത്വം സെനറ്റംഗങ്ങളായി നിര്‍ദേശിക്കപ്പെട്ടവര്‍ക്കെതിരെ നടപടിയെടുക്കാന്‍ തയ്യാറുണ്ടോയെന്നും വ്യക്തമാക്കണം. 

കോണ്‍ഗ്രസോ, കോണ്‍ഗ്രസ് അധ്യാപക സംഘടനയോ, കെഎസ്യുവോ സെനറ്റ് നാമനിര്‍ദേശത്തെക്കുറിച്ച് പ്രതികരിക്കാത്തതും ഗവര്‍ണര്‍ കോണ്‍ഗ്രസ് ബന്ധമാണ് വെളിപ്പെടുന്നത്. കേരളത്തിലെ സര്‍വകലാശാലകളില്‍ ആര്‍എസ്എസ് അജന്‍ഡ നടപ്പാക്കാന്‍ കോണ്‍ഗ്രസ് കൂട്ടുനില്‍ക്കുന്നതിന്റെ തെളിവാണിത്.  തീര്‍ത്തും ദുരൂഹമായ ലിസ്റ്റിന്റെ  ഉറവിടം വ്യക്തമാക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും ടി വി രാജേഷ് ആവശ്യപ്പെട്ടു.

Tags