കണ്ണൂർ യുഡിഎഫ് സ്ഥാനാർത്ഥി കെ.സുധാകരന്‍ പാംപ്ലാനി പിതാവുമായി കൂടിക്കാഴ്ച നടത്തി

sudhakaran

കണ്ണൂർ: യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരൻ തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുമായി കൂടിക്കാഴ്ച നടത്തി. രാവിലെ 8മണിയോടെ അരമനയിലെത്തിയാണ് ആര്‍ച്ച് ബിഷപ്പുമായി സുധാകരന്‍ കൂടിക്കാഴ്ച നടത്തിയത്. ദീര്‍ഘകാലത്തെ ആത്മബന്ധമുള്ള രണ്ടു സുഹൃത്തുക്കളുടെ സംഗമവേദികൂടിയായിമാറി അരമനയിലെ സന്ദര്‍ശനം. വടകര യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍, ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്ജ്, കെപിസിസി ജനറല്‍ സെക്രട്ടറി കെ.ജയന്ത് ഉള്‍പ്പെടെയുള്ളവര്‍ കെ.സുധാകരനോടൊപ്പം ഉണ്ടായിരുന്നു. 

സ്വാതന്ത്ര്യം കാലം മുതല്‍ ക്രൈസ്തവ വിഭാഗം കോണ്‍ഗ്രസിനൊപ്പം നിന്ന പാരമ്പര്യമാണുള്ളത്. ഏക്കാലവും അത് അങ്ങനെ തന്നെയായിരിക്കും. കേരളത്തിലെ വൈദിക സമൂഹം ഏറ്റവും കൂടുതല്‍ വിശ്വാസം പുലര്‍ത്തുന്നതും അവരോട് എക്കാലവും തിരിച്ച് നീതിപുലര്‍ത്തിയതുമാണ് കോണ്‍ഗ്രസും ക്രൈസ്തവ വിഭാഗവും തമ്മിലുള്ള ഇഴയടുപ്പം വര്‍ധിപ്പിച്ചതെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു.

 വിശ്വാസികള്‍ക്ക് വേണ്ടി നിന്ന വൈദികര്‍ക്ക് എതിരെവരെ കേസെടുത്ത സര്‍ക്കാരാണ് പിണറായി വിജയന്റേത്. വിഴിഞ്ഞം സമരത്തിന്റെ പേരില്‍ വൈദികരെ വേട്ടയാടുകയും റബ്ബര്‍ കര്‍ഷകരെ വഞ്ചിക്കുകയും വന്യമൃഗ ആക്രമണത്തിന് മലയോരജനവാസികളെ എറിഞ്ഞ് കൊടുക്കുകയും ചെയ്ത ബിജെപിയുടെ കേന്ദ്ര സര്‍ക്കാരിനും സിപിഎം നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാരിനും കനത്ത പ്രഹരം നല്‍കാനുള്ള അവസരമായി ഈ തെരഞ്ഞെടുപ്പിനെ ക്രൈസ്തവ സമൂഹം കാണും. മലയോര കര്‍ഷകരുടെ അതിജീവന പോരാട്ടത്തിനൊപ്പം നിന്ന വ്യക്തിത്വമാണ് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ്  പാംപ്ലാനിയുടേതെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു.