യുവാവില്‍ നിന്ന് 23 ലക്ഷം തട്ടിയെടുത്ത സംഘത്തിലെ രണ്ട് പേരെ കണ്ണൂരില്‍ നിന്ന് പോലീസ് സാഹസികമായി പിടികൂടി

google news
dfxh

മാനന്തവാടി: യുവാവില്‍ നിന്ന് 23 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിലെ രണ്ട് പേരെ കണ്ണൂരില്‍ നിന്ന് അതിസാഹസികമായി പിടികൂടി മാനന്തവാടി പോലീസ്. കണ്ണൂര്‍ സ്വദേശികളായ മാഹി പള്ളൂര്‍, ചാമേരി വീട്ടില്‍ സി. പ്രവീഷ്(32), കൂത്തുപറമ്പ് കാടാച്ചിറ ചീരാങ്കോട്ട് വീട്ടില്‍ സി. വിപിന്‍ലാല്‍(29) എന്നിവരെയാണ് ബുധനാഴ്ച രാത്രി കാടാച്ചിറയില്‍ നിന്ന് മാനന്തവാടി ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ എം.വി. ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. 

പെരുവക സ്വദേശി ജസ്റ്റിന്‍ ബാങ്കില്‍ അടക്കാന്‍ കൊണ്ടു പോയ പണമാണ് പ്രതികള്‍ കവര്‍ന്നത്. പിടിയിലായ പ്രതികള്‍ കവര്‍ച്ചാകേസിലുള്‍പ്പെടെ നിരവധി കേസുകളില്‍ ഉള്‍പ്പെട്ടവരാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. 

27.02.2024 തീയതിയാണ് സംഭവം. 23 ലക്ഷം രൂപയുമായി ജസ്റ്റിനും സുഹൃത്തും ബാങ്കിലേക്ക് കാറില്‍ പോകും വഴിയാണ് കവര്‍ച്ചാ സംഘം ഇന്നോവയില്‍ പിന്തുടര്‍ന്നത്. ഒണ്ടയങ്ങാടി, കൈതക്കൊല്ലി ഭാഗത്ത് വെച്ചാണ് പ്രതികള്‍ ഇവരെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തി പണം കവര്‍ന്നത്. രണ്ട് പേരുടെയും മൊബൈല്‍ ഫോണുകളും പ്രതികള്‍ കവര്‍ന്നു. ഇവര്‍ സഞ്ചരിച്ച കെ.എല്‍. 13 എ.ടി 8125 വാഹനവും കസ്്റ്റഡിയിലെടു്ത്തു.

എസ്.ഐ. ജാന്‍സി മാത്യു, എ.എസ്.ഐമാരായ ബിജു വര്‍ഗീസ്, കെ.വി. സജി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പി. സരിത്ത്, റാംസണ്‍, സിവില്‍ പോലീസ് ഓഫീസറായ അഫ്‌സല്‍ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.
 

Tags