കൊച്ചിയിൽ വ്യാജ റിക്രൂട്ട്മെൻ്റ് സ്ഥാപനം നടത്തി ഉദ്യോഗാർത്ഥികളെ കബളിപ്പിച്ച കണ്ണൂർ സ്വദേശികൾ അറസ്റ്റിൽ

Kannur natives arrested for running fake recruitment firm in Kochi and defrauding candidates

കണ്ണൂർ : കൊച്ചിയിൽ വ്യാജ റിക്രൂട്ട്മെൻ്റ് സ്ഥാപനം നടത്തിയ ദമ്പതികൾ ഉൾപ്പെടെയുള്ള മൂന്ന് പേർ അറസ്റ്റിൽ.കൊച്ചി പാലാരിവട്ടം ചക്കരപ്പറമ്പ്‌ ഭാഗത്ത്‌ ഡ്രീമര്‍ പാഷനേറ്റ്‌, ഫ്‌ളൈയിംഗ്‌ ഫ്യുച്ചര്‍ എന്നീ വ്യാജ വിസ റിക്രൂട്ട്‌മെൻ്റ് സ്ഥാപനങ്ങള്‍ നടത്തി വന്നിരുന്ന കണ്ണൂര്‍ പളളിക്കുന്ന്‌ സ്വദേശി ദിവിക്ഷിത്‌ (31), ഭാര്യ കോതമംഗലം കോട്ടപ്പടി സ്വദേശി ഡെന്ന(26), കണ്ണൂര്‍ മാമ്പറം സ്വദേശി റിജുന്‍ (28) എന്നിവരെ പാലാരിവട്ടം പോലീസ്‌ അറസ്‌റ്റ് ചെയ്‌തു.

പോളണ്ട്‌, ന്യൂസിലന്‍ഡ്‌, പോര്‍ച്ചുഗല്‍, അര്‍മേനിയ എന്നീ വിദേശരാജ്യങ്ങളിലേക്ക്‌ ഉയര്‍ന്ന ശമ്പളത്തില്‍ ജോലി വാഗ്‌ദാനം ചെയ്‌ത് വര്‍ക്ക്‌ വിസ വാഗ്‌ദാനം ചെയ്‌ത് ഉദ്യോഗാര്‍ത്ഥികളെ പറഞ്ഞു വിശ്വസിപ്പിച്ചതിനു ശേഷം വിസ നല്‍കാതെയും ചിലര്‍ക്ക്‌ വിസിറ്റിംഗ്‌ വിസ നല്‍കി വിദേശത്ത്‌ എത്തുമ്പോള്‍ വര്‍ക്ക്‌ വിസയാക്കി മാറ്റിത്തരാമെന്ന്‌ പറഞ്ഞ്‌ പണം തട്ടിയെടുക്കുന്നതുമാണ്‌ പ്രതികളുടെ രീതിയെന്ന് പൊലിസ് പറഞ്ഞു.

ന്യൂസിലന്‍ഡിലേക്ക്‌ വിസിറ്റിംഗ്‌ വിസ നല്‍കി തിരുവനന്തപുരം സ്വദേശികളില്‍ നിന്നും 14-ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലും അര്‍മേനിയയിലേക്ക്‌ വിസിറ്റിംഗ്‌ വിസ നല്‍കി കൊച്ചി സ്വദേശിയില്‍ നിന്നും അഞ്ചുലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലുമാണ്‌ ഇപ്പോഴത്തെ അറസ്‌റ്റ് .

ഇന്‍സ്‌റ്റാഗ്രാം, ഫേസ്‌ബുക്ക്‌ തുടങ്ങിയ സോഷ്യല്‍ മീഡിയയില്‍ സിനിമാ താരങ്ങളെ വെച്ച്‌ പരസ്യം നല്‍കി കേരളത്തിലെ വിവിധ ജില്ലകളിലുളള നൂറോളം ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും തട്ടിപ്പ്‌ നടത്തി പണം കൈക്കലാക്കിയിട്ടുളളതായി വെളിവായിട്ടുളളതാണ്‌.
ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ്‌ പാടിവട്ടം ഭാഗത്തു നിന്നും അറസ്‌റ്റ് ചെയ്‌തത്‌. ഇവര്‍ക്കെതിരെ ഏഴു കേസുകള്‍ പാലാരിവട്ടം പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്‌.

പാലാരിവട്ടം പോലീസ്‌ ഇന്‍സ്‌പെക്‌ടര്‍ റിച്ചാര്‍ഡ്‌ വര്‍ഗീസിന്റെ നേതൃത്വത്തില്‍ സബ്‌ ഇന്‍സ്‌പെക്‌ടര്‍ രവികുമാര്‍, സബ്‌ ഇന്‍സ്‌പെക്‌ടര്‍ ആല്‍ബി എസ്‌. പുതൂക്കാട്ടില്‍, സബ്‌ ഇന്‍സ്‌പെക്‌ടര്‍ ആന്റണി, പോലീസ്‌ ഉദ്യോഗസ്‌ഥരായ അനീഷ്‌, ഇഗ്‌നേഷ്യസ്‌, പ്രശാന്ത്‌, സതീഷ്‌മോഹന്‍, വിബിന്‍, അമ്പിളി എന്നിവര്‍ അടങ്ങുന്ന സംഘമാണ്‌ പ്രതികളെ അറസ്‌റ്റ് ചെയ്‌തത്‌. അറസ്‌റ്റിലായ പ്രതികളെ റിമാന്‍ഡ്‌ ചെയ്‌തു

Tags