ഷിഗെല്ല : കാസർകോട്ട് 3 കുട്ടികളെ കൂടി പരിയാരം ഗവ.മെഡിക്കൽ കോളജിലേക്കു മാറ്റി

google news
shigella

കാസർകോട് : ജില്ലയിൽ ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തി ആരോഗ്യവകുപ്പ്. ചെറുവത്തൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന 3 കുട്ടികളെ പരിയാരം ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് അധികൃതർ പറഞ്ഞു. 2 ദിവസം പിന്നിട്ടിട്ടും ക്ഷീണം മാറാത്തതിനാലാണ് ഇവരെ പരിയാരത്തേക്കു മാറ്റിയതെന്നാണു വിശദീകരണം.

ഭക്ഷ്യവിഷബാധയെ തുടർന്ന് 57 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. 21 പേർ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്നു വീടുകളിലേക്കു മടങ്ങി. നിലവിൽ ചികിത്സയിലുള്ള ആരുടെയും നില ഗുരുതരമല്ല. കണ്ണൂർ, കാസർകോട് ജില്ലകളിലും മംഗളൂരുവിലുമായി ഇനി 36 പേരാണു വിവിധ ആശുപത്രികളിൽ കഴിയുന്നത്.പരിയാരത്ത് ഐസിയുവിൽ കഴിഞ്ഞിരുന്ന കുട്ടിയെ വാർഡിലേക്കു മാറ്റി. കാസർകോട് കലക്ടറുടെ നിർദേശപ്രകാരം സംഭവത്തിൽ അന്വേഷണം നടത്തിയ എഡിഎം ഇന്ന് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും.

ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്ത ചെറുവത്തൂരിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇന്നലെയും പരിശോധനകൾ നടത്തി. ലൈസൻസുകൾ ഇല്ലാത്തതും പുതുക്കാത്തതുമായ സ്ഥാപനങ്ങൾ അടപ്പിച്ചു. ഭക്ഷ്യ വിഷബാധ റിപ്പോർട്ട് ചെയ്ത മേഖലകളിൽ ആരോഗ്യ പ്രവർത്തകരുടെ   നേതൃത്വത്തിൽ പരിശോധന നടത്തുന്നുണ്ട്.

Tags