കണ്ണൂർ ജില്ലയിൽ പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ ഒട്ടേറെ പദ്ധതികൾ നടപ്പിലാക്കിയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്

riyas
riyas

കണ്ണൂർ : ജില്ലയിൽ പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ ഒട്ടേറെ പദ്ധതികളാണ് ഇപ്പോൾ നടപ്പാക്കി കൊണ്ടിരിക്കുന്നതെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് കണ്ണൂർ ഗവ. ഗസ്റ്റ് ഹൗസിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.തളിപ്പറമ്പ് നിയോജകമണ്ഡലത്തിൽ ഒട്ടേറെ പ്രവൃത്തികൾ യാഥാർഥ്യമായി.

 രണ്ടുകോടി 25 ലക്ഷം രൂപ ചെലവിൽ പിഡബ്ല്യുഡി കോംപ്ലക്സിന്റെ പ്രവൃത്തി പൂർത്തീകരിച്ചു പ്രവർത്തനമാരംഭിച്ചു. കിഫ്ബി ഫണ്ട് മുഖേന നിർമ്മാണം നടക്കുന്ന കാട്ടാമ്പള്ളികടവ്-കൂവേരി-ചിറ്റാരക്കടവ്-തടിക്കടവ് റോഡിന്റെ നിർമ്മാണം 99 ശതമാനം പൂർത്തിയായി. കിഫ്ബി ഫണ്ട് മുഖേന 20 കോടി രൂപയോളം ചെലവഴിച്ച് ഉളിക്കൽ-ഏറുമല-കാഞ്ഞിലേരി-കണിയാർ വയൽ റോഡ് നിർമ്മാണം പൂർത്തീകരിച്ചു.

ഇരിക്കൂർ നിയോജക മണ്ഡലത്തിലെ ആലക്കോട് പാലം മൂന്നു കോടി 80 ലക്ഷം രൂപയ്ക്ക് പൂർത്തീകരിച്ചു. ചൊവ്വ-കൂത്തുപറമ്പ് മൂന്നാം പാലത്തിലെ രണ്ടു പാലങ്ങൾ മൂന്നു കോടി 80 ലക്ഷം രൂപയ്ക്ക് നിർമ്മാണം പൂർത്തീകരിച്ചു. 60 കോടി ചെലവിൽ 11 പാലങ്ങളുടെ നിർമ്മാണം ജില്ലയിൽ നടന്നു വരികയാണെന്നും മന്ത്രി പറഞ്ഞു.
വണ്ണാത്തി കടവ് പാലം എട്ടുകോടി 49 ലക്ഷം രൂപ ചെലവഴിച്ചു. അലക്സ് നഗർ പാലം പത്തു കോടി പത്തുലക്ഷം രൂപയിൽ നബാർഡ് വഴി നിർമ്മാണം പൂർത്തീകരിച്ചു. മട്ടന്നൂർ നിയോജക മണ്ഡലത്തിലെ ഉണ്ടയിൽ പൊയിൽ കോട്ടയിൽ പാലം നാല് കോടി 94 ലക്ഷം രൂപയിൽ പൂർത്തീകരിച്ചു.  

കിഫ്ബി വഴി 58 കോടി 53 ലക്ഷം രൂപയുടെ സാമ്പത്തിക അനുമതി ലഭിച്ച പദ്ധതിയിൽ ഉൾപ്പെട്ട പയ്യന്നൂർ- അമ്പലത്തറ-കാനായി മണിയറവയൽ റോഡ് അതിന്റെ ഏഴ് മീറ്റർ മെക്കാഡം ടാറിങ് പൂർത്തീകരിച്ചു. കിഫ്ബി ഫണ്ട് ഉപയോഗിച്ച് 10 കോടി രൂപ ചെലവഴിച്ച് കുപ്പം-ചുടല-പാണപ്പുഴ-കണാരം വയൽ- മാതമംഗലം റോഡിന്റെ നിർമ്മാണം പൂർത്തിയാക്കി.

ഇരിക്കൂർ, പയ്യന്നൂർ മണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന രയരോം-മൂന്നാംകുന്ന് റോഡ് 12 കോടി രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തിയായി. തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ പുഷ്പഗിരി നെല്ലിപ്പാറ വെള്ളാവ് റോഡ് പത്തു കോടി രൂപ ചെലവഴിച്ച നിർമ്മാണം പൂർത്തീകരിച്ചു. പിണറായിയിൽ റസ്റ്റ് ഹൗസ് നിർമ്മാണം ആരംഭിച്ചു. അഞ്ചരക്കോടി രൂപയുടെ ഭരണാനുമതി നൽകിയാണ് നിർമ്മാണം നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ദേശീയപാത 66 ന്റെ പ്രവൃത്തി എല്ലാ മാസവും വിലയിരുത്തുന്നുണ്ട്. മുഖ്യമന്ത്രി തന്നെ ഇതുമായി ബന്ധപ്പെട്ട്  ഇടയ്ക്കിടെ യോഗം വിളിക്കുന്നുണ്ട്. ജില്ലാ കളക്ടറും പ്രവർത്തനങ്ങളുടെ പുരോഗതി ശ്രദ്ധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Tags