കണ്ണൂരില്‍ സി.പി. എം വെളുക്കാന്‍ തേച്ചത് പാണ്ടായിമാറി ;സുധാകരന് അനുകൂലമായി ആര്‍. എസ്. എസ് വോട്ടുമറിഞ്ഞുവെന്ന് സൂചന

cpm , rss k sudhakaran


 കണ്ണൂര്‍: കണ്ണൂര്‍ ലോക്‌സഭാമണ്ഡലത്തില്‍ യു.ഡി. എഫ് സ്ഥാനാര്‍ത്ഥിക്കായി ആര്‍. എസ്. എസ് ക്രോസ് വോട്ടു ചെയ്തതായി സൂചന. കെ.സുധാകരന് അനുകൂലമായി ആര്‍. എസ്. എസ് കാഡര്‍ വോട്ടുകള്‍ മറിഞ്ഞുവെന്ന വിവരമാണ് പുറത്തുവരുന്നത്. എന്‍.ഡി. എ തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ ഈക്കാര്യം ചര്‍ച്ചയായിരുന്നു. ഇതോടെ കണ്ണൂരില്‍ യു.ഡി. എഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരന് മുന്‍തൂക്കം ലഭിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പ്രതീക്ഷിക്കുന്നത്. 


ഇഞ്ചോടിഞ്ചു പോരാട്ടമാണ് ഇക്കുറി കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നടന്നത്. കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ തന്നെയാണ് അവസാന ഘട്ടത്തില്‍ യു.ഡി. എഫിന്റെ സിറ്റിങ് സീറ്റു നിലനിര്‍ത്താന്‍ കളത്തിലിറങ്ങിയത്.  എന്നാല്‍ കണ്ണൂരിലെ കരുത്തനും പാര്‍ട്ടി ജില്ലാസെക്രട്ടറിയുമായ എംവി ജയരാജനെയാണ് സി.പി. എം എല്‍.ഡി. എഫ് സ്ഥാനാര്‍ത്ഥിയായി മതസരരംഗത്തിറക്കിയത്. ഇതോടെ കണ്ണൂരില്‍ കരുത്തരായ സ്ഥാനാര്‍ത്ഥികള്‍ തമ്മിലുളള പോര് കടുത്തു. പ്രചരണ രംഗത്തും രാഷ്ട്രീയതന്ത്രങ്ങള്‍ ഒരുക്കുന്നതിലും ജനങ്ങളെ ആകര്‍ഷിക്കുന്നതിലും ഏറെ മുന്‍പന്തിയിലായിരുന്നു എം.വി ജയരാജന്‍. കോണ്‍ഗ്രസ് കോട്ടകളായ ഇരിക്കൂര്‍, പേരാവൂര്‍ മണ്ഡലങ്ങളില്‍ പ്രചരണ കൊടുങ്കാറ്റുതന്നെയാണ് ജയരാജന്‍ അഴിച്ചുവിട്ടത്. 


 കണ്ണൂരിലെ പാര്‍ട്ടി മെഷിനറിയും എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതോടെ സി.പി. എം ജയം മണത്തു. ഇതോടെ എങ്ങനെയെങ്കിലും കണ്ണൂര്‍ മണ്ഡലംതിരിച്ചു പിടിക്കുകയെന്ന ലക്ഷ്യത്തിലേക്ക് പാര്‍ട്ടി മുന്നേറാന്‍ തുടങ്ങി. ഈ സാഹചര്യത്തിലാണ്  സിറ്റിങ് എം.പിയായ കെ.സുധാകരനെ തന്നെ കളത്തിലിറക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. കണ്ണൂരില്‍ നേരത്തെ വീണ്ടും മത്‌സരിക്കുന്നില്ലെന്നു ദേശീയ നേതൃത്വത്തെ അറിയിച്ച കെ.സുധാകരന്‍ ഒടുവില്‍ പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം കളത്തിലിറങ്ങുകയായിരുന്നു. ഇതോടെയാണ് മത്‌സരത്തിന് വീറും വാശിയുമുണ്ടായത്.  ഇഞ്ചോടിഞ്ചു പോരാട്ടം നടക്കുന്ന കണ്ണൂരില്‍ എന്‍.ഡി. എ സ്്ഥാനാര്‍ത്ഥിക്ക് വിജയസാധ്യതയില്ലെന്ന് നേരത്തെ ആര്‍. എസ്. എസ് വിലയിരുത്തിയിരുന്നു.

k sudhakaran

അതുകൊണ്ടു തന്നെ തങ്ങളുടെ മുഖ്യശത്രുവായ സി.പി. എമ്മിനെ തറപറ്റിക്കാന്‍ ക്രോസ് വോട്ടുചെയ്തുവെന്നാണ് വിവരം. 
 ജയിച്ചാല്‍ കെ.സുധാകരന്‍ കോണ്‍ഗ്രസ് വിട്ടു ബി.ജെ.പിയിലേക്ക് പോകുമെന്ന് സി.പി. എം സംസ്ഥാന അടിസ്ഥാനത്തില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണം മൃദുഹിന്ദുത്വ വോട്ടുകളും രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ വോട്ടുകളും കെ.സുധാകരന് അനുകൂലമായി മാറിയിട്ടുണ്ട്.  ഇഞ്ചോടിഞ്ചു  പോരാട്ടവും ഫോട്ടോ ഫിനിഷിങും പ്രതീക്ഷിക്കുന്ന കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ ഇതു കെ.സുധാകരന് മുന്‍തൂക്കം നല്‍കുമെന്ന സൂചനയാണ് പുറത്തുവരുന്നത്. കഴിഞ്ഞ തവണ 68509- വോട്ടുകളാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്‌സരിച്ച സി.കെ പത്മനാഭന് ലഭിച്ചത്. 2014-ല്‍ മത്‌സരിച്ച പി.സി മോഹനന് 51636വോട്ടും 2009-ല്‍ മത്‌സരിച്ച  പി.പി കരുണാകരന് 27123-വോട്ടുകളും ലഭിച്ചു. ഓരോമത്‌സരം കഴിയുന്തോറും ബി.ജെ.പിക്ക് വോട്ട് ഷെയര്‍ കൂടിവരുന്ന സാഹചര്യമാണ് കണ്ണൂരില്‍. അതുകൊണ്ടു തന്നെ ഇക്കുറി ഒരുലക്ഷത്തോളം വോട്ടു പിടിക്കുമെന്നാണ് ജില്ലാ നേതൃത്വം അവകാശപ്പെടുന്നത്.

Tags