പ്രകൃതി വിരുദ്ധപീഡനം: കണ്ണൂരിലെ സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയിൽ; സംഭവത്തിൽ മറ്റൊരു നേതാവിനും പങ്ക്
പീഡനത്തെത്തുടർന്ന് അവശനായ വിദ്യാർത്ഥി കൂട്ടുകാരായ ചിലരോട് വിവരം പറയുകയായിരുന്നു. അപ്പോഴാണ് അവരിൽ ചിലരും രമേശൻ്റെ പീഡനത്തിന് ഇരയായിരുന്നെന്ന് മനസിലായത്. തുടർന്ന് പീഡനത്തിനിരയായ കുട്ടികൾ രമേശനെ കൈകാര്യം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
തളിപ്പറമ്പ: 17 വയസുകാരനെ ക്രൂരമായ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സി.പി.എം ബ്രാഞ്ച് സെക്രട്ടറി പിടിയിൽ. തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ പ്ലസ് വൺ വിദ്യാർത്ഥിയെ പീഡിപ്പിച്ച മുയ്യം പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറി രമേശനാണ് പിടിയിലായത്. സംഭവത്തിൽ മറ്റൊരു ബ്രാഞ്ച് സെക്രട്ടറിക്കും പങ്കുണ്ടെന്നാണ് വിവരം.
ഇന്നലെ വൈകുന്നേരം മുയ്യത്തുവെച്ചാണ് സംഭവം നടന്നത്. വിദ്യാർത്ഥിയെ രമേശൻ ആളൊഴിഞ്ഞ പറമ്പിലേക്ക് വിളിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തെത്തുടർന്ന് അവശനായ വിദ്യാർത്ഥി കൂട്ടുകാരായ ചിലരോട് വിവരം പറയുകയായിരുന്നു. അപ്പോഴാണ് അവരിൽ ചിലരും രമേശൻ്റെ പീഡനത്തിന് ഇരയായിരുന്നെന്ന് മനസിലായത്. തുടർന്ന് പീഡനത്തിനിരയായ കുട്ടികൾ രമേശനെ കൈകാര്യം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
ഇതിനുപിന്നാലെ ഇന്നലെ പീഡനത്തിനിരയായ വിദ്യാർത്ഥിയെക്കൊണ്ട് രമേശനെ ഫോണിൽ വിളിപ്പിച്ച് സംഭവം നടന്ന സ്ഥലത്തെത്താൻ ആവശ്യപ്പെടുകയായിരുന്നു. കുട്ടികളൊരുക്കിയ കെണി മനസിലാകാതെ രമേശൻ തന്റെ കൂട്ടുകാരൻ കൂടിയായ മറ്റൊരു ബ്രാഞ്ച് സെക്രട്ടറിയെ ഫോണിൽ വിളിച്ച് സ്ഥലത്തെത്താൻ നിർദേശിക്കുകയും ചെയ്തു.
സ്ഥലത്തെത്തിയ രമേശനെ കുട്ടികൾ വളഞ്ഞിട്ട് മർദിക്കുകയും സംഭവമറിഞ്ഞെത്തിയ കുട്ടിയുടെ രക്ഷിതാക്കളും നാട്ടുകാരിൽ ചിലരും ചേർന്ന് കൈകാര്യം ചെയ്ത് പോലീസിൽ ഏൽപ്പിക്കുകയുമായിരുന്നു. അതേസമയം ഇതൊന്നുമറിയാതെ രമേശന്റെ നിർദേശാനുസരണം സ്ഥലത്തെത്തിയ രമേശന്റെ സുഹൃത്ത് രമേശനെ മർദിക്കുന്നത് കണ്ട് കുറ്റിക്കാട്ടിലൂടെ ഓടി രക്ഷപ്പെട്ടു.
രമേശന് തളിപ്പറമ്പ് താലൂക്കാശുപത്രിയിൽ ചികിത്സ നൽകിയശേഷം പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ ചൈൽഡ്‌ലൈൻ പ്രവർത്തകരെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഈ മൊഴി പോലീസിന് ലഭിക്കുന്ന മുറയ്ക്ക് എഫ്.ഐ.ആർ രേഖപ്പെടുത്തും. സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട ആൾ തളിപ്പറമ്പിലെ ഒരു സഹകരണ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്.
എന്നാൽ ഒന്നും സംഭവിക്കാത്തമട്ടിൽ രാവിലെ സ്ഥാപനത്തിൽ ജോലിക്കെത്തിയ ഇയാളെ സംഭവമറിഞ്ഞ സ്ഥാപന അധികൃതർ ആലോചിച്ച് തീരുമാനമെടുക്കാമെന്ന് പറഞ്ഞ് തിരിച്ചയച്ചു. കഴിഞ്ഞദിവസം നടന്ന ബ്രാഞ്ച് സമ്മേളനങ്ങളിലാണ് രണ്ടുപേരെയും സെക്രട്ടറിയായി തിരഞ്ഞെടുത്തത്. സംഭവം വ്യാപക ചർച്ചയായതിനെത്തുടർന്ന് സി.പി.എം തളിപ്പറമ്പ് ഏരിയ കമ്മിറ്റിയുടെ അടിയന്തര യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.