കാഞ്ഞങ്ങാട് നാല് വയസുകാരനെ തെരുവുനായ കടിച്ചുകീറി ; അയൽവാസിയുടെ ഇടപെടൽ രക്ഷയായി
Sun, 31 Jul 2022

കാഞ്ഞങ്ങാട്: വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന നാലു വയസുകാരനെ തെരുവു നായ കടിച്ചു കീറി. കുഞ്ഞിനെ രക്ഷിക്കുന്നതിനിടെ അയൽവാസിയായ 14 വയസുകാരനും നായയുടെ കടിയേറ്റു. കോട്ടപ്പാറ വാഴക്കോട് നർക്കലയിലെ സുധീഷിന്റെ മകൻ ആയുഷിനെ (4) ആണ് ഇന്നലെ വൈകിട്ട് തെരുവുനായ കടിച്ചു വലിച്ചു കൊണ്ടു പോയത്.
അയൽവാസിയായ സുരേന്ദ്രന്റെ മകൻ ആദിയാണ് (14) ഏറെ പരിശ്രമിച്ച് ആയുഷിനെ രക്ഷിച്ചത്. ഇതിനിടെ ആദിയുടെ കാലിനും നായയുടെ കടിയേറ്റു. കഴുത്തിനും കൈകൾക്കുമാണ് ആയുഷിന് കടിയേറ്റത്. ഇരുവരെയും ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടപ്പാറ വാഴക്കോട് മേഖലകളിൽ തെരുവു നായ ശല്യം രൂക്ഷമാണ്.