നാട്ടിലേക്കുള്ള വഴി പാലക്കാട് റയില്‍വേ സ്റ്റേഷനില്‍ യുവതി പ്രസവിച്ചു

google news
kanavu



പാലക്കാട്: നാട്ടിലേക്കുള്ള യാത്രമധ്യേ പാലക്കാട് റയില്‍വേ സ്റ്റേഷനിലെ പ്ലാറ്റഫോമില്‍ യുവതി പ്രസവിച്ചു. അമ്മയ്ക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍. ജാര്‍ഖണ്ഡ് ഹട്ടിയ സ്വദേശി അരവിന്ദിന്റെ ഭാര്യ സുനിത (26) ആണ് ഒലവക്കോട് റെയില്‍വേ സ്റ്റേഷനിലെ നാലാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. 

മംഗലാപുരത്ത് നിന്ന് ഒലവക്കോട് റെയ്ല്‍വേ സ്റ്റേഷനില്‍ എത്തിയ ഇരുവരും ഇവിടെ നിന്ന് ജാര്‍ഖണ്ഡിലെ ഹട്ടിയ എന്ന സ്ഥലത്തേക്ക്   പോകാന്‍ ട്രെയിന്‍ കാത്ത് ഇരിക്കുമ്പോഴാണ് സംഭവം. പ്ലാറ്റ്‌ഫോമില്‍ ഇരുക്കുകയായിരുന്ന സുനിതയ്ക്ക് പ്രസവവേദന അനുഭവപ്പെടുകയും തുടര്‍ന്ന് കുഞ്ഞിന് ജന്മം നല്‍കുകയുമായിരുന്നു.

തുടര്‍ന്ന് ഒലവക്കോട് റെയില്‍വേ സ്റ്റേഷന്‍ മാനേജര്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടി. കണ്‍ട്രോള്‍ റൂമില്‍ ഇന്ന് അത്യാഹിത സന്ദേശം പാലക്കാട് ജില്ലാ ആശുപത്രിയിലെ കനിവ് 108 ആംബുലന്‍സിനു കൈമാറി. ആംബുലന്‍സ് പൈലറ്റ് സുധീഷ് എസ്.  എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ ബിന്‍സി ബിനു എന്നിവര്‍ ഉടന്‍ സ്ഥലത്തേക്ക് തിരിച്ചു. 

സ്ഥലത്തെത്തിയ ഉടന്‍ എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍  ബിന്‍സി അമ്മയും കുഞ്ഞുമായുള്ള പൊക്കിള്‍ കൊടി ബന്ധം വേര്‍പ്പെടുത്തി ഇരുവര്‍ക്കും  വേണ്ട പ്രഥമ ശുശ്രൂഷ നല്‍കി ആംബുലന്‍സിലേക്ക് മാറ്റി. ആംബുലന്‍സ് പൈലറ്റ് സുധീഷ് ഇരുവരെയും ഉടന്‍ പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

അടുത്തിടെ, വീട്ടില്‍ പ്രസവിച്ച കര്‍ണാടക സ്വദേശിനിക്കും നവജാത ശിശുവിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാരെത്തിയിരുന്നു. കര്‍ണാടക സ്വദേശിനിയും നിലവില്‍ ഇരിട്ടി പടിയൂര്‍ താമസവുമായ ഗൗതമി (21)യാണ് വീട്ടില്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ 2.45 നാണു സംഭവം. പ്രസവവേദന അനുഭവപ്പെട്ട ഗൗതമി ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നതിനിടയില്‍ വീട്ടില്‍ പ്രസവിക്കുകയായിരുന്നു. ഈ സമയം ഭര്‍ത്താവ് മാത്രമാണ് ഒപ്പം ഉണ്ടായിരുന്നത്.


 ഇദ്ദേഹം ഉടന്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടി. ഉടന്‍ തന്നെ കണ്‍ട്രോള്‍ റൂമില്‍ നിന്ന് അത്യാഹിത സന്ദേശം ഇരിട്ടി താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലന്‍സിന് കൈമാറി. ആംബുലന്‍സ് പൈലറ്റ് അമീര്‍ പി.കെ.ടി, എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ സജിമോന്‍ ജോസ് എന്നിവര്‍ സ്ഥലത്തെത്തി. പൊക്കിള്‍കൊടി ബന്ധം വേര്‍പ്പെടുത്തി എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ സജിമോന്‍ അമ്മയ്ക്കും കുഞ്ഞിനും വേണ്ട പ്രഥമ ശുശ്രൂഷ നല്‍കി. ആംബുലന്‍സിലേക്ക് മാറ്റിയ ഇരുവരെയും ആദ്യം ഇരിട്ടി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

Tags