ഇനി ആണ്‍കുട്ടികൾക്കും മോഹിനിയാട്ടം പഠിക്കാം; നിര്‍ണായക തീരുമാനവുമായി കലാമണ്ഡലം

kerala kalamandalam

തൃശ്ശൂര്‍: മോഹിനിയാട്ടത്തിന് ആണ്‍കുട്ടികള്‍ക്കും പ്രവേശനം നൽകാനൊരുങ്ങി കലാമണ്ഡലം. ഇത് സംബന്ധിച്ച നിർണായക തീരുമാനം ഇന്ന് ചേരുന്ന ഭരണസമിതി യോഗത്തിൽ ഉണ്ടായേക്കുമെന്ന്  കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ. അനന്തകൃഷ്ണന്‍ അറിയിച്ചു. മാറുന്ന കാലത്തെ, കലാമണ്ഡലവും അഭിസംബോധന ചെയ്യും. ജെൻട്രൽ ന്യൂട്രലായ അക്കാദമിക സ്ഥാപനമായി കലാമണ്ഡലം നിലനിൽക്കാനാണ് ആഗ്രഹം, അതിനാല്‍ ആൺകുട്ടികൾക്കും പ്രവേശനം അനുവദിക്കുമെന്നും വൈസ് ചാൻസിലർ അറിയിച്ചു. 

ലിംഗസമത്വം എന്നത് കലാമണ്ഡലം എക്കാലത്തും ഉയര്‍ത്തിപ്പിടിക്കുന്ന ആശയമാണ്. അതുകൊണ്ടുതന്നെ അക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് വി.സി. പറഞ്ഞു. ഭരണസമിതിയിലെ എല്ലാ അംഗങ്ങളുടേയും നിലപാടുകള്‍ കേട്ട ശേഷമായിരിക്കും അനുകൂലമായ തീരുമാനത്തിലെത്തുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അംഗങ്ങളില്‍ ഭൂരിഭാഗം പേര്‍ക്കും ആണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കണമെന്ന നിലപാടാണുള്ളതെന്നും വി.സി. അറിയിച്ചു.

ഡോ. നീനപ്രസാദ് ഉള്‍പ്പെടെ നാല് സര്‍ക്കാര്‍ നോമിനികള്‍ ബുധനാഴ്ച ഭരണസമിതിയില്‍ ചുമതലയേല്‍ക്കും. അതിനുശേഷമായിരിക്കും ഭരണസമിതിയോഗം നടക്കുക. ജാതി, ലിംഗ അധിഷേപം ഏറ്റുവാങ്ങേണ്ടിവന്ന മോഹിനിയാട്ടം നർത്തകൻ ആര്‍എല്‍വി രാമകൃഷ്ണന് കൂത്തമ്പലത്തിൽ അവസരം ഒരുങ്ങിയതിന് തൊട്ടടുത്ത ദിവസം തന്നെയാണ് ഇങ്ങനെയൊരു ചരിത്ര തീരുമാനത്തിലേക്ക് കലാമണ്ഡലം എത്തുന്നത്.  


 

Tags