കാക്കനാട് ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം ; വിദ്യാർത്ഥികളടക്കം നിരവധിപ്പേർക്ക് പരിക്ക്
Oct 30, 2024, 09:32 IST
കൊച്ചി : കാക്കനാട് സീപോർട്ട് റോഡിൽ സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചു . സ്കൂൾ വിദ്യാർത്ഥികളടക്കം നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. പുക്കാട്ടുപടിയിൽ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. സീപോർട്ട് റോഡിലെ വള്ളത്തോൾ ജങ്ഷനിലെത്തി ഇടപ്പള്ളി ഭാഗത്തേക്ക് തിരിയുന്നതിനിടയിൽ എതിർഭാഗത്ത് നിന്ന് വന്ന ടോറസ് ലോറി ഇടിക്കുകയായിരുന്നു.
ബസിലേക്ക് ഇടിച്ച ടോറസിന് പുറകിൽ മറ്റൊരു ടോറസ് ലോറിയും വന്ന് ഇടിച്ചു. ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് യാത്രക്കാർ പറയുന്നത്. പരിക്കേറ്റവരെ കാക്കനാട്ടെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.