കച്ചത്തീവ് ലങ്കയുടെ ഭാഗം, ഇന്ത്യ ഔദ്യോഗികമായി ഇടപെട്ടാല്‍ മറുപടി നല്‍കും : പ്രതികരണവുമായി മന്ത്രി ജീവന്‍ തൊണ്ടെമാന്‍

kachathiv

കൊളംബോ : കച്ചത്തീവ് ദ്വീപ് വിഷയത്തില്‍ പ്രതികരണവുമായി ശ്രീലങ്ക. കച്ചത്തീവ് ലങ്കയുടെ ഭാഗമാണെന്നും ഇന്ത്യ ഔദ്യോഗികമായി ഇടപെട്ടാല്‍ മറുപടി നല്‍കുമെന്നും മന്ത്രി ജീവന്‍ തൊണ്ടെമാന്‍. തമിഴ്നാട്ടില്‍ കച്ചത്തീവ് വിഷയം കാര്യമായി ഉന്നയിക്കാനാണ് ബിജെപിയുടെ ശ്രമം.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണത്തിന് പിന്നാലെ ബിജെപിയുടെ എല്ലാ നേതാക്കളും കച്ചത്തീവ് വിഷയം എല്ലായിടത്തും ഉന്നയിക്കുന്നുണ്ട്. അതിനിടെയാണ് ശ്രീലങ്കയുടെ പ്രതികരണം വന്നത്. കച്ചത്തീവ് തിരിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്രത്തിന്റെ ഭാഗത്തു നിന്ന് നടക്കുന്നുവെന്നാണ് ബിജെപി പറയുന്നത്.

എന്നാല്‍ ഔദ്യോഗികമായി ഒരു ഇടപെടലും ഇക്കാര്യത്തില്‍ ഇന്ത്യ നടത്തിയിട്ടില്ല. ഇടപെട്ടാല്‍ ഇക്കാര്യത്തില്‍ മറുപടി നല്‍കാമെന്ന് ശ്രീലങ്കന്‍ മന്ത്രി ജീവന്‍ തെണ്ടെമാന്‍ പറഞ്ഞു. ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ സൗഹാര്‍ദ്ദത്തോടെയാണ് മുന്നോട്ടുപോകുന്നതെന്നും മന്ത്രി കൂട്ടി ചേര്‍ത്തു.

തിരഞ്ഞെടുപ്പില്‍ കച്ചത്തീവ് വിഷയം ചര്‍ച്ചയാക്കുന്നത് ബിജെപിയ്ക്ക് തിരിച്ചടിയാകുമെന്ന് മുന്‍ വിദേശകാര്യ സെക്രട്ടറിമാര്‍ പറഞ്ഞു. വിഷയം സെല്‍ഫ് ഗോളാകുമെന്ന് ശിവശങ്കര്‍ മേനോനും ശ്രീലങ്കയുമായുള്ള ബന്ധത്തെ ബാധിയ്ക്കുമെന്ന് നിരുപമ റാവുവും മുന്നറിയിപ്പ് നല്‍കി. സര്‍ക്കാറുകള്‍ മാറുന്നതിനനുസരിച്ച് നിലപാടുകള്‍ മാറുന്നത് ശരിയല്ലെന്ന് മുന്‍ ഹൈക്കമ്മിഷണര്‍ അശോക് കാന്തയും പറഞ്ഞു.

Tags