കൊടകരയിലെ തേഞ്ഞൊട്ടിയ ആരോപണത്തെ ആനക്കാര്യമായി കാണുന്നില്ലെന്ന് കെ സുരേന്ദ്രൻ
കൊടകരയിൽ പിടിച്ച പണം ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി എത്തിച്ചതെന്ന ആരോപണം പൂർണമായി തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ആർക്കും ആരെയും വിലയ്‌ക്കെടുക്കാമല്ലോ എന്നും ഇപ്പോഴത്തെ ഈ ആരോപണങ്ങൾ തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമെന്നുമായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം.
ആര് ഇനിയും അന്വേഷിച്ചാലും തനിക്ക് ഒരു ഭയവുമില്ലെന്നും ഈ തേഞ്ഞൊട്ടിയ ആരോപണത്തെയൊന്നും താൻ ആനക്കാര്യമായി കാണുന്നില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കോടികളുടെ കുഴൽപ്പണം ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടായിട്ടാണ് ഓഫീസിൽ എത്തിച്ചതെന്നായിരുന്നു കേസിലെ സാക്ഷിയും കുഴൽപ്പണ ഇടപാട് സമയത്തെ ബിജെപി ഓഫീസ് സെക്രട്ടറിയുമായിരുന്ന തിരൂർ സതീശിന്റെ വെളിപ്പെടുത്തൽ.
കൊടകര കുഴൽപ്പണ കേസിൽ തന്നെ മൂക്കിൽ വലിച്ചുകേറ്റുമെന്ന് പറഞ്ഞ് ഇഴകീറിയുള്ള അന്വേഷണം നടന്നതാണല്ലോ എന്നും എന്നിട്ടെന്തായി എന്നും കെ സുരേന്ദ്രൻ ചോദിച്ചു. അറസ്റ്റ് ചെയ്യണമെങ്കിൽ അറസ്റ്റ് ചെയ്യട്ടേ എന്ന് പറഞ്ഞ് സിനിമയിൽ ജഗതി പറയുന്നതുപോലെ പായുമായി റോഡിൽ കിടക്കുകയല്ലേ ഞാൻ. എനിക്കൊരു പേടിയുമില്ല. ചിരിച്ചുകൊണ്ട് സുരേന്ദ്രൻ പറഞ്ഞു. ഇത് തെരഞ്ഞെടുപ്പിൽ ബിജെപി ജയിക്കുമെന്ന് കണ്ടപ്പോൾ വന്ന ആരോപണമാണെന്നും ഇതിന് പിന്നിൽ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥിക്കുവേണ്ടി പ്രവർത്തിക്കുന്ന പി ആർ ഏജൻസിയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.