പണമില്ലെന്ന് പറയുന്നത് പച്ചക്കള്ളം; കോൺഗ്രസിന് കോടി കണക്കിന് കള്ളപ്പണമുണ്ട്; കെ സുരേന്ദ്രൻ

k surendran

തിരുവനന്തപുരം: തങ്ങളുടെ പക്കൽ പണമില്ലെന്ന് കോൺഗ്രസ് നേതൃത്വം പറയുന്നത് പച്ചക്കളളമാണെന്നും കോൺഗ്രസിന് കോടി കണക്കിന് കള്ളപ്പണമുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. രാഹുൽ ഗാന്ധി വയനാട്ടുകാരെ വഞ്ചിച്ചുവെന്ന് പറയില്ല. പക്ഷേ ജനങ്ങളെ നിരാശരാക്കിയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇടത്-വലത് മുന്നണികൾ ജനങ്ങളിൽ ഭിന്നിപ്പുണ്ടാക്കി, വർഗീയ ധ്രുവീകരണമുണ്ടാക്കി വോട്ട് പിടിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുകയാണ്. മുസ്ലിം വിഭാഗത്തെ രണ്ടാംകിട പൗരമാരായി ചിത്രീകരിക്കുകയാണ്. ഇത് ഭരണഘടനയ്‌ക്കെതിരാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണം നിർത്തി സിഎഎ സെമിനാറുകളിൽ മാത്രം പങ്കെടുക്കുകയാണ്. മുഖ്യമന്ത്രി ഇന്നുവരെ ഭാരത് മാതാ കീ ജയ് എന്ന് വിളിച്ചിട്ടില്ല, ജയ്ഹിന്ദ് എന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് നിന്ന് ആട്ടിയോടിക്കപ്പെട്ടവരെയെല്ലാം ഇന്ത്യ സ്വീകരിച്ചിട്ടുണ്ട്. ഇത് ജനകീയ വിഷയങ്ങൾ ചർച്ച ചെയ്യാതിരിക്കാനുളള നീക്കമാണ്. മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുകയാണെന്നും പ്രതിപക്ഷം മൗനം പാലിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.