ഗവര്‍ണർക്കെതിരെ വിമർശനവുമായി മന്ത്രി കെ രാജന്‍
k rajan

ഗവര്‍ണര്‍ക്കെതിരെ വിമർശനവുമായി മന്ത്രി കെ രാജന്‍. പദവിയുടെ മാന്യതയ്ക്ക് നിരക്കാത്ത പ്രവര്‍ത്തിയാണ് ഗവര്‍ണറില്‍ നിന്നുണ്ടാകുന്നത്. ഗവര്‍ണറുടെ പ്രവൃത്തികള്‍ ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് പറഞ്ഞ മന്ത്രി, പദവിയുടെ മാന്യതയ്ക്ക് നിരക്കാത്ത കാര്യങ്ങളാണ് ആരിഫ് മുഹമ്മദ് ഖാന്‍ ചെയ്യുന്നതെന്നും വിമര്‍ശിച്ചു.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തന്റെ പദവിയുടെ മാന്യത കൈവിടുകയാണ്. ഭരണഘടന ഒരു ഗവര്‍ണര്‍ക്ക് നല്‍കിയ ചുമതലയാണ് അദ്ദേഹം നിര്‍വഹിക്കേണ്ടത്. തന്റെ ചുമതലയില്‍ ഇരുന്നുകൊണ്ട് ഏത് തെറ്റും കണ്ടുപിടിക്കാനും നടപടിയെടുക്കാനും അദ്ദേഹത്തിന് അധികാരമുണ്ട്. പക്ഷേ ആ പദവിയില്‍ ഇരുന്നുകൊണ്ട് പറയാന്‍ പാടില്ലാത്ത കാര്യങ്ങള്‍ പറയുകയും പ്രവര്‍ത്തിക്കുകയും പദവിയുടെ മാന്യതയ്ക്ക് നിരക്കാത്ത തരത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോഴാണ് പ്രശ്‌നമുണ്ടാകുന്നത്.

ഇന്ത്യ എന്ന ഫെഡറല്‍ സ്റ്റേറ്റില്‍ ഭരണഘടനാ സ്ഥാനങ്ങളുപയോഗിച്ച് ജനാധിപത്യ സര്‍ക്കാരിനെതിരായി പ്രവര്‍ത്തിക്കുന്ന നടപടികള്‍ രാജ്യത്തിന് ഭൂഷണമല്ല. അതിരുവിടുന്ന നടപടികളില്‍ നിന്ന് ഗവര്‍ണര്‍ പിന്തിരിയും എന്നാണ് പ്രതീക്ഷിക്കുന്നത്. ആര്‍എസ്എസ് മേധാവിയെ കണ്ടതിലും അദ്ദേഹം തന്നെയാണ് തന്റെ രാഷ്ട്രീയത്തെ കുറിച്ച് പറഞ്ഞത്. ഗവര്‍ണറുടെ പെരുമാറ്റം ഒരു ജനാധിപത്യ കേരളത്തിന് മുന്നോട്ടുപോകാന്‍ ഗുണകരമാകില്ല’. മന്ത്രി കെ രാജന്‍ പറഞ്ഞു.

Share this story