കെ റെയില്‍: ജനങ്ങളുടെ ആശങ്ക അകറ്റാന്‍ എല്‍ഡിഎഫ്; വിശദീകരണയോഗങ്ങള്‍ക്ക് തലസ്ഥാനത്ത് മുഖ്യമന്ത്രി വൈകിട്ട് തുടക്കമിടും
railതിരുവനന്തപുരം: കെ റെയില്‍  പദ്ധതി ബാധിത പ്രദേശത്തെ ജനങ്ങളുടെ എതിര്‍പ്പ് തുടരുമ്പോള്‍ എല്‍ ഡി എഫിന്റെ ബോധവത്കരണ പരിപാടികള്‍ക്ക് ഇന്ന് തുടക്കമാകും. വൈകിട്ട് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരണ യോഗങ്ങള്‍ക്ക് തുടക്കമിടും. വരും ദിവസങ്ങളില്‍ ജില്ലകള്‍ കേന്ദ്രീകരിച്ച് യോഗങ്ങളും കൂട്ടായ്മകളുമാണ് എല്‍ഡിഎഫ് തീരുമാനിച്ചിരിക്കുന്നത്.

വീടുകള്‍ കയറിയുള്ള പ്രചാരണങ്ങളടക്കം വീണ്ടും തുടങ്ങിയുള്ള ബോധവത്കരണത്തിനാണ് ഇടത് മുന്നണി ശ്രമിക്കുന്നത്. പാര്‍ട്ടി കോണ്‍ഗ്രസ് കേരളത്തില്‍ നടക്കുന്ന സാഹചര്യത്തില്‍ പ്രതിപക്ഷ സമരങ്ങള്‍ക്കും ജനകീയ പ്രക്ഷോഭങ്ങളിലും പ്രകോപനപരമായ പ്രതിരോധം വേണ്ടെന്ന് സി പി എം നേരത്തെ തീരുമാനിച്ചിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസ് പൂര്‍ത്തിയായതിന് പിന്നാലെയാണ് പ്രതിരോധ പരിപാടികള്‍ക്ക് എല്‍ ഡി എഫ് തുടക്കമിടുന്നത്.


സില്‍വര്‍ലൈനിനായുള്ള പാരിസ്ഥിതികാഘാത പഠനത്തില്‍ പ്രശ്‌നം കണ്ടെത്തിയാല്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം കണ്ണൂരില്‍ പറഞ്ഞിരുന്നു. പ്രശ്‌നം പരിഹരിക്കണം എന്ന് തന്നെയാണ് സര്‍ക്കാര്‍ നിലപാട്. പിന്നെന്തിനാണ് ഗോ ഗോ വിളികളെന്ന് അന്ന് അദ്ദേഹം ചോദിച്ചു. വികസനത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ആരെയും ബുദ്ധിമുട്ടിക്കില്ല. സംസ്ഥാനത്തിന്റെ പല വികസന കാര്യങ്ങളിലും കേന്ദ്രസര്‍ക്കാര്‍ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നത്. കെ റയിലില്‍ കേന്ദ സര്‍ക്കാര്‍ പിന്തുണ വേണമെന്നും അത് കിട്ടുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.


 

Share this story